സിക്കിമിലെ സീറോ പോയിന്റിൽ ടൂറിസ്റ്റ് തിരക്ക്; മലനിരകളിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, വീഡിയോ

സിക്കിമിലെ സീറോ പോയിന്റിൽ ഗതാഗതക്കുരുക്കിന് തുടർന്ന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
ഗാങ്‌ടോക്ക്: വേനൽച്ചൂടിൽ നിന്നും രക്ഷനേടാൻ ഉത്തരേന്ത്യൻ മലനിരകളിലേക്ക് സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ വടക്കൻ സിക്കിമിലെ പ്രശസ്തമായ 'സീറോ പോയിന്റിൽ' വൻ ഗതാഗതക്കുരുക്ക്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞു മലനിരകളിൽ നൂറുകണക്കിന് വിനോദസഞ്ചാര വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്.
ഇടുങ്ങിയ മലയോര പാതകളിൽ വാഹനങ്ങൾ നീണ്ട വരിയായി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ അനുഭവപ്പെടുന്ന കനത്ത മഞ്ഞുവീഴ്ചയാണ് ഇത്രയധികം സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചത്.
എന്നാൽ കടുത്ത തണുപ്പും ഓക്സിജന്റെ കുറവുമുള്ള ഈ ഉയർന്ന പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നത് സഞ്ചാരികളെ, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.
വടക്കൻ സിക്കിമിലെ ലാചുങ്ങിൽ നിന്നും സീറോ പോയിന്റിലേക്ക് പോകുന്ന പാതയിലാണ് പ്രധാനമായും തടസ്സമുണ്ടായത്. റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞു കട്ടപിടിച്ചു കിടക്കുന്നതിനാൽ വണ്ടികൾക്ക് സൈഡ് കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
സാധാരണയായി മെയ് മാസങ്ങളിൽ സിക്കിമിൽ തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും, ഇത്തവണ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അപ്രതീക്ഷിത വർദ്ധനവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കുരുക്ക് അഴിക്കുന്നതിനായി സിക്കിം പൊലീസും ബോർഡർ റോഡ്സ് ഓർഗനൈസേഷനും സംയുക്തമായി രംഗത്തുണ്ട്. മലയോര മേഖലകളിലെ പരിസ്ഥിതിക്ക് താങ്ങാവുന്നതിലപ്പുറം ടൂറിസ്റ്റുകൾ എത്തുന്നതാണ് ഇതിന് കാരണമായത്.










0 comments