ad
Deshabhimani

കർണാടകയിൽ ക്ലൈമാക്സ്; സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും

sidharamaiah

സിദ്ധരാമയ്യSiddaramaiah Steps Down as Karnataka CM Following Congress High Command Formula

വെബ് ഡെസ്ക്

Published on May 28, 2026, 02:00 PM | 1 min read

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള മുൻധാരണപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ വിളിച്ചുചേർത്ത മന്ത്രിമാരുടെ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ രാജി തീരുമാനം പ്രഖ്യാപിച്ചത്.


തുടർന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗെലോട്ടിന് രാജി സമർപ്പിക്കും. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെ തെരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വരുംദിവസങ്ങളിൽ ബംഗളൂരുവിൽ ചേരും. 2023-ൽ കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിൽ വന്നപ്പോൾ ഹൈക്കമാൻഡ് മുന്നോട്ടുവെച്ച അധികാര വികേന്ദ്രീകരണ ഫോർമുല അനുസരിച്ചാണ് ഇപ്പോൾ സിദ്ധരാമയ്യയുടെ രാജി. കഴിഞ്ഞ മെയ് 20-ഓടെ സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു.


അധികാരം പങ്കിടലുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച്, കാലാവധിയുടെ പകുതി കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികൾ ശക്തമാക്കിയിരുന്നു. പദവി മാറ്റിനൽകിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളും രാജിവെക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ഡി കെ വിഭാഗം. തുടർന്ന് തർക്കം പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.


എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയോട് മാറിനിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന മല്ലികാർജുൻ ഖർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻപ് ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നെങ്കിലും, ഒടുവിൽ ഡി കെ ശിവകുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home