അറക്കണമെങ്കിൽ കന്നുകാലികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം; ആവശ്യവുമായി ബിജെപി എംഎൽഎ

ബിജെപി എംഎൽഎ രേഖ പത്ര (Photo: ANI)
കൊൽക്കത്ത: കന്നുകാലികളെ അറക്കുന്നതിന് ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട രേഖ പത്ര എംഎൽഎയാണ് പുതിയ ആവശ്യം ഉന്നയിച്ചത്. ശനിയാഴ്ച ഇവരുടെ നേതൃത്വത്തിൽ ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപം കന്നുകാലികളുമായി പോയ വാഹനം തടയുകയും ചെയ്തു.
തുടർന്ന് കന്നുകാലികളെ ഇറക്കുകയും, റോഡരികിലെ മരത്തിൽ കെട്ടിയിട്ട്, അവയ്ക്ക് പുല്ലും വെള്ളവും ഒരുക്കുകയും ചെയ്തു. മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ രേഖ 14 വയസ്സിൽ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയതായും പറയുന്നു.
"ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസ്സിൽ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ടാകും. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കും," അവർ പറഞ്ഞു.










0 comments