ad
Deshabhimani

ദേ എത്തി അടുത്ത സ്റ്റോപ്പ്; കൗതുകമായി ഇന്ത്യയിലെ ഏറ്റവും ചെറിയ റെയിൽവേ റൂട്ട്

Mumbai local train.jpg
വെബ് ഡെസ്ക്

Published on May 17, 2026, 01:26 PM | 1 min read

നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂർ ജംഗ്ഷനും അജ്നി റെയിൽവേ സ്റ്റേഷനും തമ്മിലുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ ഷെഡ്യൂൾ ചെയ്ത ട്രെയിൻ യാത്ര സോഷ്യൽ മീഡിയയിലും യാത്രാപ്രേമികൾക്കിടയിലും വലിയ ശ്രദ്ധ നേടുകയാണ്. ഏകദേശം 3 കിലോമീറ്റർ (2.8 മുതൽ 3 കി.മീ) മാത്രം ദൂരമുള്ള ഈ യാത്രയ്ക്ക് വെറും 7 മുതൽ 9 മിനിറ്റ് വരെ മാത്രമാണ് സമയം വേണ്ടിവരുന്നത്.


ചില ഫാസ്റ്റ് സർവീസുകളാകട്ടെ വെറും 7 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടും. നാഗ്പൂർ പോലുള്ള അതിപ്രധാനവും തിരക്കേറിയതുമായ സ്റ്റേഷനെയും അജ്നി പോലുള്ള പ്രധാന കോച്ചിംഗ്, മെയിന്റനൻസ് ഹബ്ബിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റൂട്ട്. സാധാരണ യാത്രകളേക്കാൾ റയിൽവെയുടെ പ്രവർത്തനങ്ങൾക്കും ഈ റൂട്ട് പ്രാധാന്യം നൽകുന്നു. ട്രെയിൻ ഓപ്പറേഷൻ മാനേജ്മെന്റ്, കോച്ചിംഗ് ഷെഡ്യൂളിംഗ്, ലോക്കോമോട്ടീവ് (എഞ്ചിൻ) മാറ്റങ്ങൾ, സ്റ്റേഷൻ ലോജിസ്റ്റിക്സ് തുടങ്ങിയ സാങ്കേതിക കാര്യങ്ങൾക്കാണ് റെയിൽവേ പ്രധാനമായും ഈ റൂട്ട് ഉപയോഗിക്കുന്നത്.


എല്ലാ ട്രെയിനുകളും കടന്നുപോകുന്ന ഒരു സാധാരണ റെയിൽവേ റൂട്ടാണെങ്കിലും ഇതിനെ ഇന്ത്യയിലെ ഏറ്റവും ചെറിയ ഔദ്യോഗിക ട്രെയിൻ യാത്ര എന്ന് വിശേഷിപ്പിക്കാൻ കൃത്യമായ കാരണമുണ്ട്. സാധാരണയായി ഇത്രയും ചെറിയ ദൂരത്തേക്ക് റെയിൽവേ യാത്രക്കാർക്കായി ടിക്കറ്റുകൾ അനുവദിക്കാറില്ല. എന്നാൽ ഇൻഡോർ-നാഗ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ചില പ്രധാന ട്രെയിനുകളുടെ ഔദ്യോഗിക സമയവിവരപ്പട്ടികയിൽ നാഗ്പൂർ കഴിഞ്ഞാലുള്ള തൊട്ടടുത്ത സ്റ്റോപ്പായി അജ്നി രേഖപ്പെടുത്തിയിട്ടുണ്ട്.


ഒരു സാധാരണ യാത്രക്കാരന് നാഗ്പൂരിൽ നിന്ന് കയറി വെറും 3 കിലോമീറ്റർ മാത്രം അകലെയുള്ള അജ്നിയിൽ ഇറങ്ങാൻ ഐആർസിടിസി വഴി പ്രത്യേക ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ ടൈംടേബിളിൽ ഉൾപ്പെടുത്തി ഔദ്യോഗികമായി ടിക്കറ്റ് നൽകി സർവീസ് നടത്തുന്നതിനാലാണ്, വെറും 7 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ റൂട്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് ട്രെയിൻ യാത്രയായി മാറുന്നതും ഇത്രമേൽ കൗതുകമുണർത്തുന്നതും. മെട്രോ ട്രെയിൻ യാത്രകളേക്കാൾ ദൈർഘ്യം കുറഞ്ഞ ഈ കുട്ടി ട്രെയിൻ യാത്ര സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home