ad
Deshabhimani

രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്; ഒരാൾ അറസ്റ്റിൽ

rohit shetty
വെബ് ഡെസ്ക്

Published on Apr 17, 2026, 08:00 AM | 1 min read

മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പുണ്ടായ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ആഗ്രയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടി‌എഫ്) മുംബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്. ആഗ്രയിലെ ബാഹ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആഗ്ര-ഇറ്റ റോഡിലെ ഛദാമി മത്ത പ്രദേശത്ത് നിന്നാണ് പ്രദീപ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.


ഫെബ്രുവരി 1 ന് രാത്രി മുംബൈയിലെ ജുഹു പ്രദേശത്തെ 'ഷെട്ടി ടവറിലാണ്' വെടിവയ്പ്പുണ്ടായത്. കുപ്രസിദ്ധനായ ശുഭം ലോങ്കറിന്റെ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ആഗ്രയിലെ അശോക് നഗറിൽ താമസിക്കുന്ന പ്രതി, സമൂഹമാധ്യമങ്ങൾ വഴിയാണ് ലോങ്കർ സംഘത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോറൻസ് ബിഷ്ണോയി സംഘാംഗമാണ് ശുഭം ലോങ്കർ അധോലോകത്തിൽ "ആധിപത്യം" സ്ഥാപിക്കാൻ കൂട്ടാളികളായ സണ്ണി, ദീപു, സോനു എന്നിവരുമായി ചേർന്ന് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു.


ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, മഹാരാഷ്ട്ര പൊലീസ് നിയമം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്തത്. കേസിൽ മുമ്പ്, സംയുക്ത ഓപ്പറേഷനുകളിലൂടെ പ്രദീപ് ശർമ്മ എന്ന ഗോലു, ദീപക്, വിഷ്ണു കുശ്വാഹ എന്നിവരുൾപ്പെടെ എട്ട് പ്രതികളെ പിടികൂടിയിരുന്നു. അറസ്റ്റിനുശേഷം പ്രതിയെ ബാഹ് പൊലീസ് സ്റ്റേഷനിൽ മുംബൈ പൊലീസ് സംഘത്തിന് കൈമാറി. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് പ്രതിയെ ട്രാൻസിറ്റ് റിമാൻഡിൽ വിടുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.


ഗോൾമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home