ഷില്ലോങ് എംപി റിക്കി ആൻഡ്രൂ ജെ സിംഗ്‌കോൺ അന്തരിച്ചു; അന്ത്യം ഫുട്ബോൾ കളിക്കുന്നതിനിടെ

ഷില്ലോങ്: മേഘാലയയിലെ ഷില്ലോങ് ലോക്സഭാ മണ്ഡലം എംപിയും വോയ്‌സ് ഓഫ് ദി പീപ്പിൾ പാർട്ടി നേതാവുമായ ഡോ റിക്കി ആൻഡ്രൂ ജെ സിംഗ്‌കോൺ (54) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷില്ലോങ്ങിലെ മാവ്‌ലായ് മാവിയോങ്ങിലെ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. രാത്രി 8.45-ഓടെ ഡോ. എച്ച് ഗോർഡൻ റോബർട്ട്സ് ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുത്തനായ നേതാവ് വിൻസെന്റ് പാലയെ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിംഗ്‌കോൺ ആദ്യമായി പാർലമെന്റിലെത്തിയത്.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അദ്ദേഹം. സിംഗ്‌കോണിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ജനകീയനായ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി വെള്ളിയാഴ്ചത്തെ നിയമസഭാ സമ്മേളനം നിർത്തിവെക്കാൻ സാധ്യതയുണ്ട്.










0 comments