ad
Deshabhimani

ഇന്ധനവില കുത്തനെ കൂട്ടി സ്വകാര്യ കമ്പനികൾ; ബെംഗളൂരുവിൽ പെട്രോളിനും ഡീസലിനും വിലകൂട്ടി ഷെൽ

Shell petrol.jpg
വെബ് ഡെസ്ക്

Published on Apr 02, 2026, 12:38 PM | 1 min read

ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനിടെ ഇന്ധന നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് സ്വകാര്യ കമ്പനികൾ. നയാര എനർജിക്ക് പിന്നാലെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ ഷെല്ലും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.


ബെംഗളൂരുവിലെ പുതുക്കിയ നിരക്കനുസരിച്ച് പെട്രോൾ ലിറ്ററിന് 7.41 രൂപയും ഡീസലിന് ലിറ്ററിന് 25.01 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഷെൽ ഔട്ട്‌ലെറ്റുകളിൽ പെട്രോൾ വില ലിറ്ററിന് 119.8 രൂപയായും പവർ പെട്രോളിന് 129.85 രൂപയായും ഉയർന്നു.


ഡീസൽ വിലയിലുണ്ടായ വൻ വർദ്ധനവോടെ ലിറ്ററിന് 123.52 രൂപയും പ്രീമിയം ഡീസലിന് 133.52 രൂപയുമായി. കഴിഞ്ഞ ആഴ്ച നയാര എനർജി പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ റീട്ടെയിലർമാരുടെ ഈ നടപടി.


ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ 10 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പെട്രോൾ നികുതി 3 രൂപയായും ഡീസൽ നികുതി പൂർണ്ണമായും ഒഴിവാക്കപ്പെടുകയും ചെയ്തു.


പശ്ചിമേഷ്യൻ യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ ഇന്ധന വിപണിയിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ കമ്പനികളുടെ ഈ വിലവർദ്ധനവ് ചരക്കുനീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home