ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പുരസ്‌കാരം തിരസ്‌കരിച്ചില്ല , തരൂരിനെ നേരിൽക്കണ്ട് പുരസ്‌കാര വിവരം അറിയിച്ചിരുന്നുവെന്ന് ആര്‍എസ്എസ് സംഘടന
print edition തരൂരിന് സവർക്കർ പുരസ്‌കാരം ; വിവാദം , പിന്മാറ്റം

ന്യൂഡൽഹി
സംഘപരിവാർ സംഘടന പ്രഖ്യാപിച്ച സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽനിന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ ശശി തരൂർ എംപി പിൻവാങ്ങി. ദേശീയതലത്തിൽ വന്‍ വിവാദമായതോടെയാണ് പിന്മാറ്റം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പുരസ്‌കാരം തിരസ്‌കരിക്കുന്നതായി തരൂർ പറഞ്ഞില്ല.
സമൂഹമാധ്യമത്തിലൂടെ തരൂർ പ്രതികരിച്ചതിങ്ങനെ: ‘സവർക്കർ പുരസ്‌കാരം ഡൽഹിയിൽ എനിക്ക് സമ്മാനിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ചൊവ്വാഴ്‌ച കേരളത്തിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ഇതേക്കുറിച്ച് അറിയില്ലെന്നും അവാർഡ് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. പുരസ്‌കാരം സ്വീകരിക്കാമെന്ന് അറിയിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദിത്തമാണ്.
പുരസ്‌കാരത്തിന്റെയും അത് സമ്മാനിക്കുന്നവരുടെയും ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളുടെയും പ്രകൃതം സംബന്ധിച്ച് വ്യക്തയില്ലാത്ത സാഹചര്യത്തിൽ ബുധനാഴ്‌ചത്തെ ചടങ്ങിൽ ഞാൻ പങ്കെടുത്ത് പുരസ്‌കാരം സ്വീകരിക്കുകയെന്ന ചോദ്യം ഉദിക്കുന്നില്ല.’
തരൂരിനോട് പറഞ്ഞു; ക്ഷണിച്ചു
തരൂരിനെ നേരിൽക്കണ്ട് പുരസ്‌കാര വിവരം അറിയിച്ചിരുന്നുവെന്നും സമ്മതം വാങ്ങിയെന്നുമാണ് ആർഎസ്‌എസ് അനുകൂല സംഘടന എച്ച്‌ആർഡിഎസ് ഇന്ത്യ പ്രതികരിച്ചത്. ഒരു മാസം മുമ്പുതന്നെ തരൂരിനെ തീരുമാനം അറിയിച്ചിരുന്നതായി സ്ഥാപക സെക്രട്ടറി അജി കൃഷ്‌ണൻ പറഞ്ഞു. തരൂരിനെ അദ്ദേഹത്തിന്റെ വസതിയിലാണ് കണ്ടത്.
പുരസ്‌കാരത്തെക്കുറിച്ച് അറിയിക്കുകയും ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
തരൂരിനെ രണ്ടാഴ്‌ച മുമ്പ് പുരസ്‌കാരനിർണയസമിതി ചെയർമാനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രവികാന്ത് വീട്ടിൽചെന്നു കണ്ടിരുന്നു. മറ്റ് പുരസ്‌കാര ജേതാക്കൾ ആരൊക്കെയെന്ന് തരൂർ ആരാഞ്ഞു. അതിന്റെ വിശദാശങ്ങളും നൽകി. പുരസ്‌കാരം സ്വീകരിക്കാനായി എത്താമെന്ന് അറിയിച്ചിരുന്നു. ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഇപ്പോഴും ചടങ്ങിനെത്തില്ലെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന് സമ്മർദമുണ്ടായിട്ടുണ്ടാകും –അജി കൃഷ്‌ണൻ പറഞ്ഞു.










0 comments