തരൂർ – കോൺഗ്രസ് പോര് തുടരുന്നു ; ഖാർഗെയുടെ വിമർശത്തിന് മറുപടിയുമായി തരൂർ

ന്യൂഡൽഹി
കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി ഹൈക്കമാൻഡുമായുളള ഏറ്റുമുട്ടൽ തുടരുന്നു. തരൂരിന്റെ മോദി സ്‌തുതിയെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ബുധനാഴ്‌ച പരോക്ഷമായി വിമർശിച്ചു. വൈകാതെ സമൂഹമാധ്യമത്തിലൂടെ ഖാർഗെയ്‌ക്ക് തരൂർ മറുപടിയും നൽകി.
അടിയന്തരാവസ്ഥ മുൻനിർത്തിയുള്ള വാർത്താസമ്മേളനത്തിലാണ് ഖാർഗെ തരൂരിനെ പരോക്ഷമായി വിമർശിച്ചത്. ‘‘എല്ലാവർക്കും രാജ്യമാണ് പ്രധാനം എന്നാൽ ചിലർക്ക് മോദിയാണ് വലുത്. അത് കഴിഞ്ഞ് മാത്രമാണ് രാജ്യം’’ –-ഖാർഗെ പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൽ തരൂർ മോദിയെ സ്‌തുതിച്ചതിനോടും പരിഹാസപൂർവമാണ് ഖാർഗെ പ്രതികരിച്ചത്. തരൂരിന്റേത് നല്ല ഇംഗ്ലീഷാണെന്നും തനിക്ക് ഇംഗ്ലീഷ് വായിക്കാൻ അത്ര അറിയില്ലെന്നുമായിരുന്നു ഖാർഗെയുടെ മറുപടി. ഭാഷ കൊള്ളാവുന്നത് കൊണ്ടാണ് തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പക്ഷിക്കുഞ്ഞിന്റെ ചിത്രത്തോട് കൂടിയായിരുന്ന സമൂഹമാധ്യമത്തിൽ തരൂരിന്റെ മറുപടി. ‘പറക്കാൻ അനുമതി തേടേണ്ടതില്ല. ചിറക് നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’ –-തരൂർ കുറിച്ചു. മോദിയെ സ്‌തുതിക്കാനും വിദേശരാജ്യങ്ങളിൽ മോദിക്കായി വാദിക്കാനും തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന സന്ദേശമാണ് തരൂർ നൽകിയതെന്നായിരുന്നു മാധ്യമവ്യാഖ്യാനം.
കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി കൂടാതെ വിദേശത്ത് പോയ തരൂർ നിലവിൽ റഷ്യയിലാണ്. റഷ്യയിലെ സർക്കാർ മാധ്യമമായ ആർടിയുടെ ക്ഷണമനുസരിച്ച് മോസ്‌കോയിലെത്തിയ തരൂർ ഉന്നതതല കൂടിക്കാഴ്‌ചകൾ നടത്തി. പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ തരൂർ റഷ്യയുടെ ഡ്യൂമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സ് ചെയർമാൻ ലിയോനിദ് സ്ലറ്റ്‌സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ–- പാകിസ്ഥാൻ സംഘർഷം, ഇസ്രയേൽ–- ഇറാൻ സംഘർഷം, ഉക്രയ്‌ൻ പ്രശ്‌നം തുടങ്ങിയ അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവുമായും തരൂർ കൂടിക്കാഴ്‌ച നടത്തി. മോദി സർക്കാരിന്റെ നിർദേശപ്രകാരമാണ് തരൂരിന്റെ വിദേശപര്യടനമെന്നും അഭ്യൂഹമുണ്ട്.









0 comments