ad
Deshabhimani

അംബേദ്കർ സർവകലാശാലാ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

audsfi

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Apr 16, 2026, 02:19 PM | 1 min read

ന്യൂഡൽഹി: അംബേദ്കർ സർവകലാശാല ഡൽഹി വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ വീണ്ടും കരുത്തുതെളിയിച്ച് എസ്എഫ്‌ഐ. സർവകലാശാലയുടെ എല്ലാ ക്യാമ്പസുകളിലും വൻ ആധിപത്യം ഉറപ്പിച്ചാണ് എസ്എഫ്‌ഐ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.


കശ്മീരി ഗേറ്റ് ക്യാമ്പസിലെ 25 അംഗ കൗൺസിലിൽ 13 കൗൺസിലർമാരുടെ പിന്തുണയോടെ എസ്എഫ്‌ഐ വ്യക്തമായ ഭൂരിപക്ഷം നേടി. കരംപുര ക്യാമ്പസിൽ മത്സരിച്ച 7 സീറ്റുകളിൽ 5 എണ്ണത്തിലും വിജയിച്ചപ്പോൾ, ലോധി റോഡ് ക്യാമ്പസിലെ 4 സീറ്റുകളിൽ മൂന്നും എസ്എഫ്‌ഐ കരസ്ഥമാക്കി. ആകെ 21 സീറ്റുകൾ നേടിയാണ് എബിവിപി, എഐഎസ്എ ഉൾപ്പെടെയുള്ള സംഘടനകളെ പിന്നിലാക്കി എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചത്.


യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ തുടർച്ചയായ അടിച്ചമർത്തലുകളെ അതിജീവിച്ചാണ് എസ്എഫ്‌ഐയുടെ മുന്നേറ്റം. കഴിഞ്ഞ വർഷം എസ്എഫ്‌ഐയുടെ എട്ട് വിദ്യാർഥി നേതാക്കളെ അഡ്മിനിസ്ട്രേഷൻ പുറത്താക്കിയിരുന്നു. റാഗിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ഭീകരവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.


അംബേദ്കർ സർവകലാശാലയിൽ 2018-ൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ എസ്എഫ്‌ഐ മാത്രമാണ് ഇവിടെ വിജയചരിത്രം കുറിക്കുന്നത്. സർവകലാശാലാ അധികൃതരുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കും ബിജെപി നയിക്കുന്ന ഡൽഹി സർക്കാരിന്റെ നയങ്ങൾക്കുമുള്ള തിരിച്ചടിയാണ് ഈ ജനവിധിയെന്ന് എസ്എഫ്‌ഐ ഡൽഹി പ്രസിഡന്റ് സൂരജ് ഇളമണ്‍, സെക്രട്ടറി ഐഷെ ഘോഷ് എന്നിവർ പറഞ്ഞു. ക്യാമ്പസുകളിലെ വർഗീയവൽക്കരണത്തിനും അടിച്ചമർത്തലുകൾക്കും എതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home