സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ; വ്യക്തമാകുന്നത് എസ്‌സി/എസ്ടി വിദ്യാർഥികളോടുള്ള കേന്ദ്രത്തിന്റെ അനീതി: എസ്എഫ്ഐ

ന്യൂഡൽഹി : എസ്‌സി/എസ്ടി വിദ്യാർഥികൾക്കുള്ള നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് അട്ടിമറിച്ചതിനെ ശക്തമായി അപലപിക്കുന്നതായി എസ്‌എഫ്‌ഐ. രാജ്യത്തുടനീളമുള്ള ദളിത്, ആദിവാസി വിദ്യാർഥികളോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതി തുടരുകയാണെന്നും കേന്ദ്ര സർക്കാരിന്റെ മനുവാദി അജണ്ടയെയാണ് ഇതെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഫണ്ടുകളുടെ ദൗർലഭ്യം കാരണം അംഗീകാരത്തിൽ കാലതാമസം ഉണ്ടാകുന്നുവെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള യോഗ്യരായ 60 ശതമാനത്തിലധികം വിദ്യാർഥികൾക്ക് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് നിഷേധിച്ചത്. എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെട്ട 125 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. 2025-26 അധ്യയന വർഷത്തിൽ, തിരഞ്ഞെടുത്ത 106 വിദ്യാർഥികളിൽ 40 വിദ്യാർഥികൾക്ക് മാത്രമേ താൽക്കാലിക ലെറ്ററുകൾ ലഭിച്ചിട്ടുള്ളൂ. 66 ഒളം വിദ്യാർഥികളാണ് ഇതുവഴി അനിശ്ചിതത്വത്തിലായിരിക്കുന്നത്.
എട്ട് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള, പട്ടികജാതി (എസ്‌സി), വിജ്ഞാപനം ചെയ്യപ്പെട്ട നാടോടി ഗോത്രങ്ങൾ (ഡിഎൻടി), അർദ്ധ നാടോടി ഗോത്രങ്ങൾ, ഭൂരഹിതരായ കർഷക തൊഴിലാളികൾ, പരമ്പരാഗത കരകൗശല തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദേശത്ത് ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/ പോസ്റ്റ്-ഡോക്ടറൽ ബിരുദം നേടുന്നതിന് സാമ്പത്തിക സഹായം നൽകുന്നതാണ് നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ്. നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിക്കാണ് സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചതിന്റെ ഉത്തരവാദിത്വം. സ്ഥാനാർഥികൾക്ക് തുക അനുവദിക്കാൻ ഈ കമ്മിറ്റിക്കാണ് അധികാരം.
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള നടപടികൾക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കുപ്രസിദ്ധമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദളിത്, ആദിവാസി, ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും വ്യാപകമായി വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചുകൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ട, ന്യൂനപക്ഷ സമുദായങ്ങൾക്ക് സാമൂഹിക പുരോഗതി കൈവരിക്കുന്നത് തടയുക എന്ന കേന്ദ്രത്തിന്റെ മനുവാദി അജണ്ടയെയാണ് ഇത് തുറന്നുകാട്ടുന്നത്.
വിദ്യാർഥികൾക്കുള്ള വിവിധ സാമ്പത്തിക സഹായങ്ങൾ അടിച്ചമർത്തുന്നതിനെതിരെ എസ്‌എഫ്‌ഐ പോരാട്ടം തുടരും. അർഹരായ വിദ്യാർഥികൾക്ക് നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് നിഷേധിച്ചതിനെ എസ്‌എഫ്‌ഐ ശക്തമായി അപലപിക്കുന്നുവെന്നും പുരോഗമന വിദ്യാർഥി സമൂഹത്തോട് ഈ പ്രസ്ഥാനത്തിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നതായും എസ്എഫ്ഐ പറഞ്ഞു.








0 comments