എൽപിജി പ്രതിസന്ധി: പോണ്ടിച്ചേരി സർവകലാശാലയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് എസ്എഫ്ഐ

പുതുച്ചേരി: രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്കിടെ, പാചകവാതക പ്രതിസന്ധി മുൻനിർത്തി പരീക്ഷകൾ നേരത്തെയാക്കാനുള്ള പോണ്ടിച്ചേരി സർവകലാശാലയുടെ നീക്കം വിദ്യാർഥികളോടുള്ള വഞ്ചനയാണെന്ന് എസ്എഫ്ഐ. ഭരണകൂടത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളാണ് സർവകലാശാല കൈക്കൊള്ളുന്നതെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
സർവകലാശാലയുടെ നിർണ്ണായക യോഗങ്ങളിൽ നിന്ന് വിദ്യാർഥി പ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണ്. അപ്രതീക്ഷിതമായി പരീക്ഷകൾ മാറ്റിവെച്ചത് ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ടിക്കറ്റ് ലഭിക്കാനും വർദ്ധിച്ച യാത്രാച്ചെലവ് വഹിക്കാനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവധി ദിവസങ്ങൾ പോലും ഒഴിവാക്കി അക്കാദമിക് കലണ്ടർ ചുരുക്കുന്നത് വിദ്യാർഥികളെ യന്ത്രങ്ങളായി കാണുന്നതിന് തുല്യമാണെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ തകർക്കുമെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.
ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കേണ്ട എൻപിടിഇഎൽ പരീക്ഷകളുമായി പുതിയ ഷെഡ്യൂൾ ഒത്തുപോകാത്തത് മാസ്റ്റേഴ്സ്, ഫൈനൽ സെമസ്റ്റർ വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രബന്ധങ്ങളും പ്രോജക്ടുകളും പൂർത്തിയാക്കാൻ സമയം ലഭിക്കാത്തതും പരീക്ഷകൾ തമ്മിലുള്ള വൈരുദ്ധ്യവും വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കും.
കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരീക്ഷാ തീയതികൾ മാറ്റിയത് വിദ്യാർഥികളുടെ വോട്ടവകാശം നിഷേധിക്കാനുള്ള ഗൂഢാലോചനയാണെന്നും എസ്എഫ്ഐ ആരോപിച്ചു. പരീക്ഷാ ഷെഡ്യൂൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും ഭരണപരമായ കഴിവില്ലായ്മയ്ക്ക് വിദ്യാർഥികളെ ശിക്ഷിക്കുന്നത് അവസാനിപ്പിച്ച് അധികൃതർ സുതാര്യത ഉറപ്പാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പോണ്ടിച്ചേരി സർവകലാശാലയുടെ തീരുമാനങ്ങൾക്കെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.










0 comments