print edition എസ്‌എഫ്‌ഐ നേതാക്കളെ അന്യായമായി തടവിലാക്കി രാജസ്ഥാൻ പൊലീസ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എസ്‌എഫ്‌ഐ നേതാക്കളെ അന്യായമായി തടങ്കലിലാക്കി രാജസ്ഥാൻ പൊലീസ്. ഗംഗാനഗർ ജില്ലയിൽ സംസ്ഥാന ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈരവ സന്ദർശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നിയമവിരുദ്ധ നടപടി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി മുകേഷ് മോഹൻപുരിയ, ഗംഗാനഗർ ജില്ലാ പ്രസിഡന്റ് ഹർബിലാസ് സിങ്, ജില്ലാ കമ്മിറ്റി അംഗം നവ്‌ജോത് സിങ് എന്നിവരെയാണ് പൊലീസ് തടങ്കലിലാക്കിയത്.
കാന്പസുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് എസ്‌എഫ്‌ഐ വലിയ രീതിയിലുള്ള പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച പ്രതിഷേധങ്ങളും നടത്തി. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചത്. ബിജെപി, ആർഎസ്‌എസ് സർക്കാരിന്റെ പ്രതികാര നടപടിയാണിത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കും വരെ പോരാട്ടം തുടരുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
സംസ്ഥാനങ്ങളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ തുടർച്ചയായ ആക്രമണങ്ങൾ നേരിടുകയാണ്. പ്രവർത്തകരെ പൊലീസ് തടങ്കലിലാക്കുന്നു. ഇന്ത്യയെ പൊലീസ് രാജ് ആക്കാനുള്ള ബിജെപിയുടേയും ആർഎസ്‌എസിന്റെയും ഇൗ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments