ഡൽഹി നരനായാട്ട്: രാജ്യാവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ

ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് നേരെ ഡൽഹിയിൽ നടക്കുന്ന നരനായാട്ടിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. സമരം ചെയ്ത എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൂരമായ ആക്രമണമാണ് പൊലീസും അർധസൈനികരും യൂണിഫോം പോലുമില്ലാത്ത സംഘങ്ങളും അഴിച്ചുവിടുന്നത്.
കൊണാട്ട് പ്ലേസിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകർ സംയുക്തമായി പ്രതിഷേധത്തെയും തല്ലിച്ചതച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസിനെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളോട് പുരുഷപൊലീസുകാർ അപമര്യാദയായി പെരുമാറുകയും ചെയ്തു.
സമാധാനപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്ര സർക്കാർ സുരക്ഷയുടെ പേരിൽ നഗരം പൂട്ടിക്കെട്ടിയിരിക്കുകയാണ്. സിജെപിയും ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും തുടരുകയാണ്. ഡൽഹിയിൽ മാത്രം പതിനായിരത്തോളം പേരെ അറസ്റ്റുചെയ്തു. സ്റ്റേഷനുകൾ മതിയാകാതെ വന്നപ്പോൾ ഡൽഹിയിലെ മൂന്നു സ്റ്റേഡിയങ്ങൾ താൽക്കാലിക തടങ്കൽപ്പാളയങ്ങളാക്കി.









0 comments