ജനാധിപത്യത്തിനുവേണ്ടി ഓടിക്കേറി പവിത്ര; സമരത്തിന്റെ മുഖമായി മലയാളി പെൺകുട്ടി

പവിത്ര

പാർവതി ഗിരികുമാർ
Published on Oct 11, 2026, 03:54 PM | 2 min read
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടക്കുന്ന സമരത്തിന്റെ മുഖമായി മലയാളിയായ പവിത്ര. ഇന്നലെ നടന്ന സമരത്തെ കേന്ദ്രസേന അങ്ങേയറ്റം ക്രൂരമായാണ് നേരിട്ടത്. റോഡിലേക്കിറങ്ങുന്ന എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിനാണ് ഇന്നലെ നേരം വെളുത്തതുമുതൽ രാജ്യം സാക്ഷ്യം വഹിച്ചത്.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ജന്തർ മന്തറിലേക്ക് ഇരച്ചെത്തി വിദ്യാർത്ഥികളുടെ കൂട്ടത്തിൽ മലയാളിയായ പവിത്രയുമുണ്ടായിരുന്നു. ബാരിക്കേഡുകൾ ബന്ധിച്ച് പൊലീസിനെയും മറികടന്ന് കൈയിൽ എസ്എഫ്ഐ കൊടിയുമേന്തി ജന്തർ മന്തറിലേക്കോടി കയറുന്ന വിദ്യാർത്ഥിയുടെ ചിത്രം ഇന്നലെ സമരത്തിന്റെ മുഖമായാണ് പ്രചരിച്ചത്.
ജനാധിപത്യത്തിനായി പ്രതീക്ഷയുടെ കൊടിയേന്തി ഓടിക്കയറിയ പവിത്ര പാലക്കാട് മങ്കര സ്വദേശിയാണ്. ഡൽഹി സർവകലാശാലയിൽ ആന്ത്രോപോളജിയിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിയാണ് പവിത്ര. സിപിഐ എം മങ്കര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചന്ദ്രന്റെ ചെറുമകളാണ്. 'അമ്മ ബിന്ദു സിപിഐ എം ബ്രാഞ്ച് അംഗവും സഹകരണ ബാങ്ക് ജീവനക്കാരിയുമാണ്.
സമരത്തിനെത്തിയ സിപിഐ എം നേതാക്കളായ എം എ ബേബി, പിണറായി വിജയൻ, കെ കെ ശൈലജ, ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, വി ശിവദാസൻ എന്നിവരെയെല്ലാം രാവിലെ തന്നെ കേന്ദ്രസേന കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എ കെ ജി ഭവനിൽ നിന്ന് സമരത്തിൽ പങ്കെടുക്കാനിറങ്ങിയ അസംഖ്യം എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പുറത്തിറങ്ങി.
ജന്തർ മന്തറിലേക്ക് രാജ്യത്തെ സമരയുവത്വം ഇരച്ചെത്തുകയായിരുന്നു. കേന്ദ്രസേനയുടെ ഭാഗത്ത് നിന്ന് ശരിയായ അക്രമമുറകളാണ് അവർക്കുനേരെ അഴിച്ചുവിട്ടത്. ഓടിവന്ന പലരെയും ലാത്തികൊണ്ട് അടിച്ചുവീഴ്ത്തി, വസ്ത്രത്തിലും മുടിയിലും പിടിച്ചു തള്ളിയിട്ടു, പലരുടെയും വസ്ത്രം വലിച്ചുകീറി. ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ച് കേന്ദ്രസേനകൾ നരനായാട്ട് തുടങ്ങി.
ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും നിന്നുവന്ന അനവധി വിദ്യാർത്ഥികളെയാണ് പൊലീസ് ആക്രമിച്ചത്. പൊലീസ് വാഹനങ്ങളിലേക്ക് വിദ്യാർത്ഥികളെ എടുത്തെറിയുകയായിരുന്നു. ജന്തർ മന്തറിലേക്ക് ഓടിക്കയറാൻ ശ്രമിച്ചവരുടെ കൂടെ പവിത്രയുമുണ്ടായിരുന്നു. മറ്റുള്ളവരെ പൊലീസ് തള്ളിയിടുകയും അടിച്ചുവീഴ്ത്തുകയും ചെയ്തപ്പോൾ ബാരിക്കേഡ് ബന്ധിച്ച് പവിത്ര ഓടി.
പ്രതീക്ഷയുടെ നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തിയുള്ള പവിത്രയുടെ ആ കുതിപ്പ് സമരത്തിന്റെ ഊർജമായി മാറി. പിന്നാലെ ഒരു കൂട്ടം പൊലീസുകാരുണ്ടായിട്ടും പവിത്ര അവർക്ക് പിടികൊടുക്കാതെ ഓടുകയായിരുന്നു. കേന്ദ്രസേനകളാൽ തന്റെ സഹപാഠികളെല്ലാം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പവിത്ര പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാട് വിളിച്ചോതിയത്.
ഇന്നലെയും ഇന്നുമായി ഡൽഹിയിൽ പ്രതിഷേധിക്കാനെത്തുന്ന എല്ലാവരെയും ആക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന നിലപാട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമരത്തെ അടിച്ചമർത്താനായി നരനായാട്ടാണ് കേന്ദ്രം നടത്തുന്നത്.
മാധ്യമപ്രവർത്തകരെയുൾപ്പടെ ആക്രമിച്ചു. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നവരെയും തടവിലാക്കി. പലരെയും പൊലീസ് വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി മർദിച്ചു. ജോൺ ബ്രിട്ടാസ് എംപിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനു മുന്നിലും മോദിയുടെ 56 ഇഞ്ച് ഹുങ്കിന് മുന്നിലും ജന്തർ മന്തറിലെത്തിയ അസംഖ്യം യുവാക്കളെപോലെ പ്രതിരോധശബ്ദമായിരിക്കുകയാണ് പവിത്ര.








0 comments