Deshabhimani

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; പ്രവിശ്യാ സർക്കാർ പുറത്ത്

Khyber Pakhtunkhwa ralley afp

ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പിടിഐ പ്രവർത്തകർ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ കോഹാറ്റ് ജില്ലയിൽ നടത്തിയ റാലി. photo credit: BASIT SHAH/ AFP

വെബ് ഡെസ്ക്

Published on Oct 11, 2026, 04:02 PM | 1 min read

ഇസ്ലാമാബാദ്: ക്രമസമാധാനനില വഷളായതിനെത്തുടർന്ന് പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ പാകിസ്ഥാൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളും ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഭരണഘടനയിലെ 232(1), 234(1) വകുപ്പുകൾ പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർടി നയിച്ചിരുന്ന പ്രവിശ്യാ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായി. മുഖ്യമന്ത്രി, പ്രവിശ്യാ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, പ്രത്യേക സഹായികൾ, അഡ്വക്കേറ്റ് ജനറൽ എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ ഉടൻ ഒഴിയണം.


ഇമ്രാൻ ഖാന്റെ മോചനവും ചികിത്സ ലഭ്യമാക്കലും ആവശ്യപ്പെട്ട് ഖൈബർ പഖ്തൂൺഖ്വ (കെപികെ) മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ചിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഒക്ടോബർ 4ന് ലക്കി മാർവത്തിൽ ആരംഭിച്ച മാർച്ച് പ്രവിശ്യയിലെ വിവിധ ജില്ലകളിലൂടെ തുടരുകയാണ്. ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുമതി നൽകുക, അറസ്റ്റിലായ കുടുംബാംഗങ്ങളെയും അനുയായികളെയും മോചിപ്പിക്കുക തുടങ്ങിയവയാണ് പിടിഐയുടെ പ്രധാന ആവശ്യങ്ങൾ.


സമാധാനപരമായ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച അഫ്രീദി, പ്രവിശ്യയിലെ പ്രശ്നങ്ങൾക്ക് സൈനിക നടപടികൾ പരിഹാരമല്ലെന്നും പറഞ്ഞു. ഇസ്‌ലാമാബാദിലേക്ക് മാർച്ച് നടത്തി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പാർടി നേതൃത്വം പറഞ്ഞെങ്കിലും പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു. പ്രവിശ്യയുടെ ഭരണാധികാരങ്ങൾ ഫെഡറൽ സർക്കാരിന്റെ നിർദേശപ്രകാരം ഗവർണർ ഏറ്റെടുക്കും. പ്രവിശ്യാ നിയമസഭയുടെ അധികാരങ്ങൾ പാകിസ്ഥാൻ പാർലമെന്റിനോ അതിന്റെ അധികാരപ്രകാരമോ വിനിയോഗിക്കാം.


പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്തത്. സർക്കാർ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നിയമപാലന ഏജൻസികൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായും, ഭീകരവാദവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രവിശ്യ സർക്കാർ പരാജയപ്പെട്ടെന്നും സുരക്ഷയ്ക്കായി കഴിഞ്ഞ പത്തുവർഷത്തിനിടെ 800 ബില്യൺ അനുവദിച്ചിട്ടും സ്ഥിതി മെച്ചപ്പെട്ടില്ലെന്നും ഷെരീഫ് ആരോപിച്ചു. 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന 73കാരനായ ഇമ്രാൻ ഖാനെതിരെ നൂറിലധികം കേസുകൾ നിലവിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home