കണ്ണൂർ ഭൂമി ഏറ്റെടുക്കൽ: നിലപാട് മാറ്റി, യു ടേൺ അടിച്ച് സതീശൻ

തിരുവനന്തപുരം: കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിലും യു ടേൺ അടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യാവസായികാവശ്യത്തിന് ഭൂമിയേറ്റെടുത്തതിനെതിരെ വിജിലൻസ് അന്വേഷണത്തിനുവിട്ട മുഖ്യമന്ത്രി തന്നെ അതേ ഭൂമി ലോകോത്തര വ്യവസായ നഗരങ്ങൾ സ്ഥാപിക്കാൻ അത്യുത്തമമായ സ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചു. എംപിമാർ ഒറ്റക്കെട്ടായി ഈ പദ്ധതികൾ കേന്ദ്രം അംഗീകരിക്കുമെന്നുറപ്പ് വരുത്താൻ ശ്രമിക്കണമെന്നും അഭ്യർത്ഥിച്ചു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഭാവിവികസനവും വ്യവസായസംരംഭങ്ങൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്. 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് റവന്യൂ വകുപ്പ് ഭൂമിയേറ്റെടുത്തു. എന്നാൽ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വ്യവസായ വികസനത്തിനായി കിഫ്ബിയുടെ സഹായത്തോടെ കിൻഫ്ര ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലും പുറത്തും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കിൻഫ്ര തയ്യാറാക്കിയ കേവലം ഒരു കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ ഭൂമി ഏറ്റെടുക്കൽ നടത്തിയതെന്നും, സമഗ്രമായ പഠനമോ വ്യക്തമായ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം ആയിരം ഏക്കർ ഭൂമിയിൽ വലിയൊരു ഭാഗം ഉപയോഗശൂന്യമാണെന്നും വികസനയോഗ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 28ന് മന്ത്രിസഭ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ കോൺഫറൻസിൽ എംപിമാർക്ക് വിതരണം ചെയ്ത ഔദ്യോഗിക അജണ്ടയിലാണ് മുൻനിലപാടിൽ നിന്നും സർക്കാർ മലക്കം മറിഞ്ഞത്. ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട അതേ ഭൂമിയിൽ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണെന്നു കണ്ട് രണ്ട് വ്യവസായ നഗരങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചു. കണ്ണൂർ ജില്ലയിലെ വെള്ളപ്പറമ്പ്–കീഴല്ലൂർ പ്രദേശത്തെ 475 ഏക്കറും പനയത്തംപറമ്പിലെ 497 ഏക്കറും ഉൾപ്പെടുന്നതാണ് സ്ഥലം. യുഡിഎഫ് സർക്കാർ ജൂൺ 22-ന് നൽകിയ ഉത്തരവ് പ്രകാരമാണ് ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പദ്ധതി നടപ്പാക്കുന്നത്.
ഒരു വ്യവസായ നഗരത്തിനുള്ള നിർദ്ദേശം സമർപ്പിച്ച് വെറും രണ്ടുമാസത്തിനകം, പ്രസ്തുത ഭൂമി ഉപയോഗയോഗ്യമല്ലെന്ന് പറഞ്ഞുകൊണ്ട് മന്ത്രിസഭ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് വിരോധാഭാസമാണ്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഒക്ടോബറിൽ തന്നെയാണ് വ്യവസായ നഗരം പദ്ധതിക്ക് കേന്ദ്രത്തിൽ നിർദേശം നൽകിയത്. സ്വന്തം സർക്കാരിന്റെ ഉന്നതതല സമിതി അംഗീകരിച്ച പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നോ എന്നും അതോ അറിഞ്ഞുകൊണ്ടുതന്നെ രണ്ട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുകയായിരുന്നോ എന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.








0 comments