Deshabhimani

‘ഉയിർ’ സിനിമയുടെ പ്രമേയമായ കേസ്; ശോഭ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ, ശിക്ഷ നാളെ

 Shobha Murder Case
വെബ് ഡെസ്ക്

Published on Nov 26, 2026, 04:26 PM | 1 min read

തലശേരി: ഇരിട്ടിയിൽ ടെന്റ്‌ കെട്ടി താമസിച്ചിരുന്ന ശോഭയെ രണ്ടാം ഭർത്താവ്‌ കഴുത്ത്‌ ഞെരിച്ച്‌ കൊന്ന്‌ കിണറ്റിൽ തള്ളിയ കേസിൽ പ്രതി കുറ്റാക്കാരനെന്ന് കോടതി. കർണാടക തുംകൂർ തിമ്മരാജനഹള്ളിയിലെ ടി ആർ മഞ്ജുനാഥാനുള്ള ശിക്ഷ തലശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ (ഒന്ന്‌) കോടതി നാളെ പ്രഖ്യാപിക്കും. എം പത്മകുമാർ സംവിധാനം ചെയ്‌ത ‘ഉയിർ’ എന്ന സിനിമയുടെ പ്രമേയവും ഇ‍ൗ കൊലപാതകവും അന്വേഷണവുമാണ്‌.


ഇരിട്ടി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ 2017 ജനുവരി 21നാണ്‌ സംഭവം. പ്രതി മഞ്ജുനാഥ്‌ ദേഹത്ത്‌ കയറിയിരുന്ന്‌ കഴുത്ത്‌ ഞെരിച്ച്‌ ശോഭയെ ബോധംകെടുത്തി കൊന്ന ശേഷം കിണറ്റിൽ തള്ളിയെന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌. ഇരിട്ടിയിൽ ടെന്റ്‌ കെട്ടി കുടുംബം താമസിക്കുമ്പോഴായിരുന്നു കൊലപാതകം. ശോഭയുടെ രണ്ട്‌ മക്കളും ഒപ്പമുണ്ടായിരുന്നു. കൊല നടത്തിയ ശേഷം പ്രതി പിറ്റേന്ന്‌ ബസിൽ ബംഗളൂരുവിലേക്ക്‌ പോയി. അവിടെ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ കുട്ടികളെ ട്രെയിൻ കയറ്റി വിട്ടു. കൊല നടന്ന്‌ ഒരു മാസം പൂർത്തിയാവുന്ന ഫെബ്രുവരി 21നാണ്‌ പ്രതിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


ചോദ്യംചെയ്യലിൽ ശോഭയുടെ ആദ്യഭർത്താവ്‌ രാജുവിനെയും കൊന്നതാണെന്ന്‌ തെളിഞ്ഞു. മഞ്ജുനാഥും ശോഭയും ചേർന്ന്‌ കഴുത്തിൽ കയർ മുറുക്കി കൊന്ന ശേഷം വനത്തിൽ കൊണ്ടുപോയി കത്തിച്ചു. ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്ന്‌ പറഞ്ഞതോടെയാണ്‌ ശോഭയെയും അവസാനിപ്പിച്ചത്‌. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിൽ അന്വേഷണം അവസാനിക്കുമായിരുന്ന കേസിൽ തെളിവുകൾ ശേഖരിക്കുകയും കുട്ടികളെ മുംബൈയിൽനിന്ന്‌ കണ്ടെത്തുകയും ചെയ്‌തത്‌ അന്ന്‌ പ്രൊബേഷൻ എസ്‌ഐയായിരുന്ന അൻഷാദാണ്‌. കേസിൽ 25ാം സാക്ഷിയായി അൻഷാദിനെയും വിസ്‌തരിച്ചു. ഇപ്പോൾ തിരൂർ സിഐ ആയ അൻഷാദിന്റെ സംരക്ഷണത്തിലാണ്‌ കുട്ടികൾ. അമ്മയെ രണ്ടാനച്ഛൻ കൊന്ന കേസിൽ പതിനഞ്ചുവയസുകാരനായ ശോഭയുടെ മകനും കോടതിയിൽ മൊഴി നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home