മുഷ്താഖ് സ്പോർട്സ് ജേണലിസം അവാർഡ് ദേശാഭിമാനിയിലെ പ്രദീപ് ഗോപാലിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ 2025ലെ മുഷ്‌താഖ് സ്പോർട്സ് ജേണലിസം അവാർഡിന് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ പ്രദീപ് ഗോപാൽ അർഹനായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി എ മുഹമ്മദ്കോയ എന്ന മുഷ്‌താഖിൻ്റെ സ്‌മരണാർഥം കോഴിക്കോട് ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന അവാർഡ്.
2025 മെയ് 19 മുതൽ 22 വരെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച 'സൂപ്പറാകാത്ത സൂപ്പർ ലീഗ്' എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. ഇന്ത്യൻ ഫുട്ബോളിലെ വിപ്ലവം എന്ന വിശേഷണത്തോടെ തുടങ്ങിയ ഐഎസ്എൽ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ എന്ത് സംഭാവന നൽകി എന്നതിന്റെ അന്വേഷണമായിരുന്നു പരമ്പര. ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ അവസ്ഥയും ഭരണപരമായ വീഴ്‌ചകളും മറ്റ് രാജ്യങ്ങളിലെ മാറ്റങ്ങളും പരമ്പരയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എം നരേന്ദ്രൻ, പി കെ രവീന്ദ്രൻ, ടി ആർ മധുകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദും സെക്രട്ടറി പി കെ സജിത്തും അറിയിച്ചു.
കാസർകോട് ജില്ലയിലെ ബേഡഡുക്ക ചെമ്പക്കാട് സി ഗോപാലന്റെയും എ നാരായണിയുടെയും മകനാണ്. ഭാര്യ വൈ വി ശരണ്യ. മകൾ. നയോമി. 2022ലെ രാജ പുരസ്കാരം, കെ പി ഗോപിനാഥ് പുരസ്കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ് എന്നിവ ലഭിച്ചിട്ടുണ്ട്. 2016ലെയും 2025ലെയും സംസ്ഥാന സ്കൂൾ കായി കമേളയിലെ മികച്ച റിപ്പോർട്ടറായിരുന്നു. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, 2017ലെ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് എന്നിവ റിപ്പോർട്ട് ചെയ്തു.








0 comments