ഇതാണോ ജനാധിപത്യം? മോദിയ്ക്കും അമിത്ഷായ്ക്കും ജനങ്ങളെ പേടി: ഐഷി ഘോഷ്

ഐഷി ഘോഷ് അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനുമൊപ്പം വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: നരേന്ദ്രമോദിയും അമിത് ഷായും ജനങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെടുകയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. പ്രതിഷേധങ്ങളെ എല്ലാവിധത്തിലും അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും കസ്റ്റഡിയിലെടുത്ത് മർദിക്കുന്നു. ഇതാണോ ഇന്ത്യയുടെ ജനാധിപത്യമെന്നും എന്ത് സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും ഐഷി ചോദിച്ചു. സിജെപി നേതാക്കൾക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഐഷി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെയും ഇടത് സംഘടനകളുടെയും പ്രക്ഷോഭത്തിന് നേരെ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ യൂടൂബർ ധ്രുവ് റാഠിയെ വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയത് യൂണിഫോം ഇല്ലാത്തവരാണ്. ഒരു വാറന്റോ നോട്ടീസോ പോലും ഉണ്ടായിരുന്നില്ല. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മർദനത്തിനിരയായി. മാധ്യമപ്രവർത്തകരെയും അഭിഭാഷകരയെും മർദിക്കുകയാണ്. പെൺകുട്ടികളോട് പുരുഷപൊലീസുകാർ അപമര്യാദയായി പെരുമാറുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇപ്പോഴും പ്രക്ഷോഭകരെ കസ്റ്റഡിയിലെടുക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും സമരം അവസാനിക്കില്ല. ഞങ്ങൾ തെരുവിൽ സമരം ചെയ്യുകയാണ്, ഇനിയും തെരുവിൽതന്നെയുണ്ടാകും. ഏത് സംവിധാനം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും വ്യാജപ്രചാരണങ്ങൾ നടത്തിയാലും സമരം തുടരും- ഐഷി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമായി മാറിയെന്ന് സിജെപി നേതാക്കൾ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ്. അടിയന്തരാവസ്ഥകാലത്ത് പോലും ഇല്ലാത്ത രീതിയാണ് രാജ്യം കണ്ടത്. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments