മോദി തന്നെ രാജി വയ്‌ക്കേണ്ടി വരും; കേന്ദ്രത്തിന്റേത് ഹിറ്റ്ലർ നിലപാട്: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സമരക്കാരോട് കേന്ദ്രം സ്വീകരിക്കുന്ന അതിക്രൂര നടപടികളിൽ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ. ഗ്യാനേഷ് കുമാറിനോടൊപ്പം മോദി തന്നെ രാജിവയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ എക്സ് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രതികരണം.
കേന്ദ്രം സമരക്കാരോട് കാണിക്കുന്നത് ഹിറ്റ്ലർ മോഡൽ സമീപനമാണ്. സമരത്തിൽ പങ്കെടുത്തു എന്ന ഒറ്റ കാരണത്താൽ കേന്ദ്രസേനകൾ ആക്രമിച്ചവരുടെ കൂട്ടത്തിൽ അഭിഭാഷകരും, വനിതകളും, മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.
ഭീകരഭരണമാണ് മോദി ഇന്നലെ അഴിച്ചുവിട്ടത്, എല്ലാ പരിധികളും ലംഘിച്ചു, ഹിറ്റ്ലറെ പോലും പിന്നിലാക്കുന്ന രീതിയിലുള്ള കാടത്തമാണ് ഉണ്ടായത്. പെണ്കുട്ടികളെപോലും വ്യാപകമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഒരു സർക്കാർ സംവിധാനമാണ് ഇതിനു ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
സമരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ ഇന്നലെ നീചമായ അക്രമമാണ് കേന്ദ്രസേനകൾ അഴിച്ചുവിട്ടത്. ഇന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നവരെ പോലും കസ്റ്റഡിയിലെടുക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാണാനാകുന്നത്.
പലരെയും പൊലീസ് വാഹനങ്ങൾക്കുള്ളിൽ കയറ്റിയ ശേഷം ക്രൂരമായി ആക്രമിച്ച് പുറത്തേക്ക് തള്ളുകയാണ്. ഇന്നലെ സമരത്തിനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഡൽഹിയിൽ കാലുകുത്താൻ പോലും അനുവദിക്കാത്ത നിലപാട് കേന്ദ്രസേനകളുടെ ഭാഗത്ത് നിന്നുണ്ടായത്.








0 comments