Deshabhimani

ഡൽഹി നരനായാട്ടിൽ പ്രതിഷേധം: ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

R Rahul DYFI Alappuzha Protest

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ ജില്ലാ ആശുപത്രി ജങ്ഷനിൽ നടത്തിയ റോഡ് ഉപരോധത്തിനിടെ, സംസ്ഥാന ട്രഷറർ ആർ രാഹുലിനെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 05:02 PM | 1 min read

ആലപ്പുഴ: ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമരക്കാരെ അറസ്‌റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ചും റോഡ്‌ ഉപരോധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്‌ കേസെടുത്തു. സംസ്ഥാന ട്രഷറർ ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജയിംസ്‌ ശാമുവൽ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ അനീഷ്‌ കുര്യൻ, കെ ജി അരുൺകുമാർ, ആലപ്പുഴ ബ്ലോക്ക്‌ സെക്രട്ടറി ഉണ്ണിക്കണ്ണൻ, എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ്‌ സോനു സോണി എന്നിവർക്കെതിരെയാണ്‌ കേസ്‌. ഇവരെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ചു.


മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ സമരം നടത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ശനിയാഴ്‌ച രാത്രി ഡിവൈഎഫ്‌ഐയുടെ റോഡ്‌ ഉപരോധം. 14 പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചാണ്‌ പൊലീസ്‌ വാഹനത്തിൽ കയറ്റിയത്‌.


സൗത്ത്‌ പൊലീസ്‌ സ്റ്റേഷനിലെത്തിച്ച പ്രവർത്തകരെ പൊലീസ്‌ ജാമ്യത്തിൽവിടാൻ തയ്യാറായില്ല. ഇതിനിടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജി അരുൺകുമാറിന്റെ ഷർട്ട്‌ വലിച്ചുകീറി മൊബൈൽ ഫോണുകൾക്ക്‌ കേടുപാടുകൾ വരുത്തി. അർധരാത്രി കഴിഞ്ഞിട്ടും വനിതകൾ ഉൾപ്പെടെയുള്ളവരെ വിട്ടയക്കാൻ പൊലീസ്‌ തയ്യാറായില്ല. ഇത്‌ ചോദ്യാം ചെയ്ത ജില്ലാ പ്രസിഡന്റ്‌ എംഎസ്‌ അരുൺകുമാർ എംഎൽഎയോടും എസ്‌ഐ മോശമായി പെരുമാറി. ഇതേത്തുടർന്ന്‌ പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും സിപിഐ എം നേതാക്കളും സ്റ്റേഷനിലെത്തി ഉപരോധം നടത്തി. ഇതോടെയാണ്‌ ഡിവൈഎഫ്‌ഐക്കാർ പൊലീസുകാരെ ആക്രമിച്ചു‍, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home