മുഖ്യമന്ത്രിയോ കായികമന്ത്രിയോ വിളിച്ചിട്ടില്ല, അവഗണന തുടരുന്നു; കേരളം വിടുന്നത് ആലോചനയിലെന്ന് കായികതാരങ്ങൾ

തിരുവനന്തപുരം : കേരള സർക്കാർ കായിക താരങ്ങളെ പൂർണമായി അവഗണിക്കുകയാണെന്ന് വിമർശനമുയർത്തി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾ. കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം പിന്നിലാണെന്നും അവഗണന തുടരുന്നതിനാൽ കേരളം വിടുന്നത് ആലോചനയിലാണെന്നും ഒളിമ്പ്യനും ലോങ്ജമ്പ് താരവുമായ എം ശ്രീശങ്കറും ലോങ്ജമ്പ് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ആൻസി സോജനും വ്യക്തമാക്കി.
മെഡൽ നേടി നാട്ടിലെത്തിയ ശേഷം കേരള മുഖ്യമന്ത്രിയോ കായിക മന്ത്രിയോ ഇതുവരെ വിളിച്ചിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഔദ്യോഗികമായി തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും താരങ്ങൾ പറയുന്നു. തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കായിക താരങ്ങളെ ആദരിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് ഓഫർ ലഭിച്ചിട്ടുണ്ടെന്നും പരിഗണിക്കുന്ന കാര്യം ആലോചനയിലാണെന്നും ശ്രീശങ്കർ പറയുന്നു. മെഡൽ നേടി നാട്ടിലെത്തിയതിനുപിന്നാലെ പാലക്കാട് എംപി ശ്രീകണ്ഠനും എംഎൽഎ രമേഷ് പിഷാരടിയും വീട്ടിലെത്തി ശ്രീശങ്കറിനെ കണ്ടിരുന്നു. എന്നാൽ അതിനുശേഷം മറ്റൊരു തരത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് മെഡൽ ജേതാക്കൾക്കായി യാതൊരു നടപടിയുമുണ്ടായില്ലെന്ന് ശ്രീശങ്കർ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിലും ഇൻസെന്റീവുകളിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് ശ്രീശങ്കർ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടായില്ലെങ്കിൽ തമിഴ്നാടിന്റെ ക്ഷണം സ്വീകരിച്ച് സംസ്ഥാനം വിടുമെന്നും ശ്രീശങ്കർ പറഞ്ഞു.
സംസ്ഥാനത്ത് കായിക താരങ്ങളോട് അവഗണന തുടരുകയാണെന്ന് ലോങ് ജമ്പ് താരം ആൻസി സോജനും തുറന്നടിച്ചു. മെഡൽ നേടിയിട്ടും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ബന്ധപ്പെട്ടിട്ടില്ലെന്നും കേരളം വിടുന്നത് ആലോചനയിലാണെന്നും ആൻസി വ്യക്തമാക്കി.
ദേശീയ- അന്താരാഷ്ട്ര വേദികളിൽ മെഡൽ നേടി കേരളത്തിന് അഭിമാനമായി മാറിയ താരങ്ങളാണ് സർക്കാരിന്റെ അവഗണനയെത്തുടർന്ന് സംസ്ഥാനം വിടാൻ തീരുമാനിക്കുന്നത്. മെഡൽ നേടിയതിനു പിന്നാലെ വീഡിയോ കോൾ വഴി അഭിനന്ദനമറിയിക്കുന്നുണ്ടെങ്കിലും തിരികെയെത്തുന്ന താരങ്ങൾക്കായി മറ്റൊന്നും യുഡിഎഫ് സർക്കാർ ചെയ്യുന്നില്ല. കൃത്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രോത്സാഹനം നൽകിയാൽ മാത്രമേ സംസ്ഥാത്തിന് അഭിമാനമായി കായിക താരങ്ങളെ വളർത്താൻ സാധിക്കൂ എന്നിരിക്കെ തികഞ്ഞ അവഗണനയാണ് കായികതാരങ്ങൾ നേരിടുന്നത്.
മറ്റെല്ലാ സംസ്ഥാനങ്ങളും മെഡൽനേടിയ കായിക താരങ്ങളെ ആദരിച്ച് പാരിതോഷികങ്ങൾ നൽകിയെങ്കിലും പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും യുഡിഎഫ് പ്രാവർത്തികമാക്കിയിട്ടില്ല.








0 comments