Deshabhimani

പ്രതികരിക്കരുത്, പകർത്തരുത്: മാധ്യമപ്രവർത്തകരും അവരോട് സംസാരിക്കുന്നവരും കസ്റ്റഡിയില്‍

media detained
വെബ് ഡെസ്ക്

Published on Oct 11, 2026, 04:16 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മാധ്യമപ്രവർത്തകരാണെന്ന് വ്യക്തമാക്കുകയും പ്രസ് ഐഡി കാർഡുകൾ കാണിക്കുകയും ചെയ്തിട്ടും റിപ്പോർട്ടർമാരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.


പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റവുമുണ്ടായി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പൊലീസ് തടങ്കലിലാക്കിയത്. ഇവരോട് സംസാരിക്കുന്ന സമരക്കാരെയും പ്രതികരണങ്ങളും ദൃശ്യങ്ങളും പകർത്തുന്നവരെയും കൂട്ടമായി കസ്റ്റഡിയിലെടുക്കുകയാണ്.


ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, 24 ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇവരെ പിന്നീട് വിട്ടയച്ചതായാണ് വിവരം.


ന്യൂസ്‌ലോണ്ട്രിയിലെ റിപ്പോർട്ടർമാരായ അഷ്വിൻ സിങ്, സവ്യാസാചി ആസ്ത, അന്മോൽ പ്രീതം എന്നിവരെയും ഒരു ഇന്റേണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ടിങ്ങിനിടെ അന്മോൽ പ്രീതത്തിന്റെയും ഇന്റേൺ അൻഷുവിന്റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. അഷ്വിൻ സിങ്ങിനെ തള്ളിയിടുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി ന്യൂസ്‌ലോണ്ട്രി റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരും മാധ്യമപ്രവർത്തകരുമടക്കം മുപ്പതോളം പേരെ ഒരേ ബസിൽ കയറ്റി ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടിലുണ്ട്.


സ്ക്രോൾ മാധ്യമത്തിന്റെ അന്വേഷണാത്മക റിപ്പോർട്ടർ ആയുഷ് തിവാരിയെയും ഐടിഒയ്ക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. നവഭാരത് ടൈംസിലെ റിതിക് ജോഷി, രാഹുൽ ചരസ് എന്നീ മാധ്യമപ്രവർത്തകരെയും പ്രസ് കാർഡ് കാണിച്ചിട്ടും പൊലീസ് തടഞ്ഞുവെച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home