Deshabhimani

print edition വിലക്ക് മറികടന്ന് മിന്നൽസമരം

Janthar

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ 
 ജന്തർമന്തറിലേക്ക്‌ വിലക്ക്‌ ലംഘിച്ച്‌ എസ്‌എഫ്‌ഐ– ഡിവെെഎഫ്‌ഐ 
 നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ | ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Oct 15, 2026, 12:15 AM | 2 min read

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ വിലക്കുകൾ ഭേദിച്ച്‌ ഡൽഹിയിൽ ഉജ്വല പ്രതിഷേധവുമായി എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തകിടം മറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു. ജന്തർമന്തർ തിരിച്ചുനൽകണമെന്ന്‌ പ്രഖ്യാപിച്ച്‌ നടത്തിയ പ്രതിഷേധത്തിനുനേരെ ഡൽഹി പൊലീസും കേന്ദ്ര സായുധസേനകളും ആക്രമണം അഴിച്ചുവിട്ടു.


ഫിറോസ്‌ ഷാ റോഡിൽ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി‍, വി ശിവദാസൻ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി‍, ഡിവൈഎഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ജെയ്‌ക്‌ സി തോമസ്‌ എന്നിവർ നേതൃത്വം നൽകി. മാർച്ച്‌ ജന്തർമന്തറിന്‌ സമീപം പൊലീസും കേന്ദ്രസേനകളും ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞു. തുടർന്ന്‌ പ്രവർത്തകരോട്‌ പിരിഞ്ഞു പോകണമെന്ന്‌ ആവശ്യപ്പെട്ടു.


പ്രതിഷേധക്കാർ പിൻമാറില്ലെന്ന്‌ മനസ്സിലാക്കിയ പൊലീസ്‌ ആക്രമണം അഴിച്ചുവിട്ടു. വിദ്യാർഥികളെയും യുവാക്കളെയും ക്ര‍ൂരമായി മർദിച്ച്‌ കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന പെൺകുട്ടികൾക്ക്‌ നേരെയും പൊലീസ്‌ ആക്രമണമഴിച്ചുവിട്ടു. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റിയംഗം ഉർസുലയ്‌ക്ക്‌ ക്രൂരമർദനമേറ്റു.


ഭഗത്‌ സിങ്ങിന്റെ ചിത്രം പൊലീസ്‌ ചവിട്ടി നശിപ്പിച്ചു. രണ്ട്‌ ബസുകളിലായാണ്‌ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്‌. ഒരു ബസിലെ പ്രവർത്തകർ മുഴുവൻ യാത്രമധ്യേ രക്ഷപ്പെട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി എം ആർഷോ‍, എം വി നികേഷ്‌ കുമാർ തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു.


ജന്തർമന്തറിൽ 
ദേശീയപതാക ഉയർത്തിയവരെ 
തിഹാറിൽ അടച്ചു


​ജനാധിപത്യ പ്രതിഷേധത്തിന്‌ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌ത്‌ ജന്തർമന്തറിൽ ദേശീയപതാക ഉയർത്തിയ സിജെപി നേതാക്കളെ തിഹാർ ജയിലിലടച്ചു. സ‍ൗരവ്‌ ദാസ്‌, അശുതോഷ്‌ റംക എന്നിവരെ അഞ്ചുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട്‌ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റാണ്‌ ഉത്തരവിട്ടത്‌.


ഇവർക്കൊപ്പം പിടിയിലായ അജിൻക്യ ഷിൻഡെയെ ഉപാധികളോടെ വിട്ടയച്ചു. ചൊവ്വ രാവിലെ ഗേറ്റ്‌ ചാടിക്കടന്ന്‌ ജന്തർമന്തറിൽ സിജെപി നേതാക്കളെത്തിയത് ഡൽഹി പൊലീസിനെ ഞെട്ടിച്ചിരുന്നു. സ‍ൗരവും അശുതോഷും തുടർച്ചയായി നിയമലംഘനം നടത്തുകയാണെന്നും നേരത്തെ പിടിയിലായപ്പോൾ ഒപ്പിട്ടു നൽകിയ ബോണ്ട്‌ ലംഘിച്ചുവെന്നുമായിരുന്നു കോടതിയിൽ പൊലീസ്‌ വാദിച്ചത്‌.


സ‍ൗരവിനെയും അശുതോഷിനെയും ജയിലിലടച്ചതിനെ സിപിഐ എം ശക്തമായി അപലപിച്ചു. വോട്ടവകാശം സംരക്ഷിക്കാൻ സമരം ചെയ്യുന്നതും ത്രിവർണ പതാക ഉയർത്തുന്നതും അമിത്‌ ഷായും ഡൽഹി പൊലീസും കുറ്റകൃത്യമാക്കിമാറ്റി. ഇവരെ ഉടൻ വിട്ടയക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. സിജെപി നേതാക്കളെ ജയിലിലടച്ചത്‌ ഭീരുത്വമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രക്ഷോഭകരെ പിന്തുണച്ച് മമത ബാനർജി, അരവിന്ദ്‌ കെജ്‌രിവാൾ തുടങ്ങിയവരും ഡിഎംകെ, ആർജെഡി, സിപിഐ, സിപിഐ എംഎൽ തുടങ്ങിയ പ്രതിപക്ഷ പാർടികളും രംഗത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home