ad
Deshabhimani

ജ്വലിച്ചു 
കനലോർമകൾ

Sfi All India Conference 2025
വെബ് ഡെസ്ക്

Published on Jun 29, 2025, 12:21 AM | 2 min read


പലസ്തീൻ–-സോളിഡാരിറ്റി നഗർ (കോഴിക്കോട്‌)

പോരാട്ടത്തിൻ പാതയിൽ ഞങ്ങളെയാകെ നയിച്ചവരേ... മുഷ്‌ടി ചുരുട്ടി ആയിരം കണ്ഠങ്ങളിൽ നിന്നുയർന്ന അഭിവാദ്യങ്ങളേറ്റുവാങ്ങി സമരതീക്ഷ്‌ണമായ ഓർമകളുടെ പടവുകൾ കയറി അവരെത്തി. അടിയന്തരാവസ്ഥയടക്കമുള്ള ഇരുണ്ട കാലങ്ങളിലെ പീഡനങ്ങളും മർദനങ്ങളും അതിജീവിച്ച അനുഭവവും സഹന സമരങ്ങളും മുൻകാല നേതാക്കൾ പുതുതലമുറയ്‌ക്ക്‌ പകർന്നുനൽകി. എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പൂർവനേതൃ സംഗമമാണ്‌ വിവിധ കാലങ്ങളിലെ എസ്‌എഫ്‌ഐ നേതാക്കളുടെ സർഗസംവാദത്തിന്‌ വേദിയായത്‌.


എസ്‌എഫ്‌ഐയുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ബിമൻ ബസു മുതലുള്ളവർ സംഗമത്തിനെത്തി. മുൻ സംസ്ഥാന ഭാരവാഹികളും കേന്ദ്ര കമ്മിറ്റിയംഗങ്ങളുമടക്കം സന്നിഹിതരായി. പ്രായത്തിന്റെ അവശതകൾ മറന്നും നിരവധിയാളുകൾ സദസ്സിലെത്തി. അവകാശ പോരാട്ടത്തിനിടയിൽ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങളുമെത്തി. അവരുടെ വാക്കുകളിൽ ഒരേ വികാരം – എസ്‌എഫ്‌ഐ.


പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്‌ സദസ്സ്‌ സംഗമത്തിൽ കേട്ടറിഞ്ഞത്‌. അടിയന്തരാവസ്ഥയിൽ എസ്‌എഫ്‌ഐ നടത്തിയ ഇടപെടലും അനീതികൾക്കെതിരായ നിലപാടുകളും നേതാക്കളുടെ വാക്കുകളിൽ നിറഞ്ഞു. മുദ്രാവാക്യം വിളികളോടെയാണ്‌ സദസ്സ്‌ അനുഭവങ്ങളെ എതിരേറ്റത്‌.


എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു അധ്യക്ഷനായി. മുൻ അഖിലേന്ത്യാ ഭാരവാഹികളായ ബിമൻ ബസു, പ്രകാശ്‌ കാരാട്ട്‌, എം എ ബേബി, എ വിജയരാഘവൻ, നീലോത്പൽ ബസു, വെങ്കിടേശ്വര റാവു, കെ എൻ ബാലഗോപാൽ, പി കൃഷ്‌ണപ്രസാദ്‌, അരുൺകുമാർ, കെ കെ രാഗേഷ്‌, പി കെ ബിജു, വി ശിവദാസൻ, വിക്രംസിങ്‌ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ സ്വാഗതം പറഞ്ഞു.


നേതൃസംഗമത്തില്‍ 
നേതാക്കളുടെ വാക്കുകള്‍


പോരാട്ടത്തിന്‌ തയ്യാറായിരിക്കുക: 
എം എ ബേബി

നാഗ്‌പുരിൽനിന്നുള്ള നിർദേശങ്ങൾ ശിരസാവഹിക്കുന്ന സർക്കാർ നയങ്ങൾക്കെതിരായ പോരാട്ടത്തിന്‌ വിദ്യാർഥികൾ തയ്യാറാകണമെന്ന് എസ്എഫ്ഐ മുന്‍ പ്രസിഡന്റ് എം എ ബേബി. ആർഎസ്‌എസ്‌ നയങ്ങളാണ്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്‌. ഈ സാഹചര്യത്തിൽ എന്തും നേരിടാൻ വിദ്യാർഥി സമൂഹം സമരസജ്ജരായിരിക്കണം.


പ്രതിസന്ധിനിറഞ്ഞ കാലം: കാരാട്ട്‌

എസ്‌എഫ്‌ഐ പോരാടുന്ന വർത്തമാനകാലം അടിയന്തരാവസ്ഥയോളം പ്രതിസന്ധി നിറഞ്ഞതാണെന്ന്‌ മുൻ പ്രസിഡന്റ്‌ പ്രകാശ്‌ കാരാട്ട്‌. എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയുള്ള അടിയന്തരാവസ്ഥക്കെതിരെ പോരാട്ടങ്ങളുമായാണ്‌ രൂപീകരണത്തിനിപ്പുറം എസ്‌എഫ്‌ഐ രാജ്യമാകെ വ്യാപിച്ചത്‌. അടിയന്തരാവസ്ഥ അരനൂറ്റാണ്ട്‌ പിന്നിടുമ്പോൾ സംഘപരിവാർ അജൻഡയിലൂന്നി ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാർ.


ജീവിതം ദുസ്സഹമാകുന്നു: ബിമൻ ബസു

രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരന്റെയും ജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നതെന്ന്‌ എസ്എഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറി ബിമൻ ബസു. പ്രഖ്യാപിത അടിയന്തരാവസ്ഥയെയാണ്‌ തങ്ങൾ നേരിടേണ്ടി വന്നതെങ്കിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെയാണ്‌ പുതിയ തലമുറ പോരാടേണ്ടി വരുന്നത്‌.


വിദ്യാഭ്യാസ മേഖലയെ 
തകർക്കുന്നു: 
എ വിജയരാഘവൻ

സർവകലാശാലകളെ ഒന്നാമത്തെ ശത്രുവാക്കി ആർഎസ്‌എസ്‌ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ മുൻ പ്രസിഡന്റ്‌ എ വിജയരാഘവൻ. വൈസ്‌ ചാൻസലർമാർ ഉൾപ്പെടെ ആർഎസ്‌എസിന്‌ കൂട്ടുനിൽക്കുമ്പോൾ വിദ്യാർഥികളുടെ പ്രതിരോധമാണ്‌ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്‌.


വർഗീയത ആയുധമാക്കുന്നു: 
നീലോൽപൽ ബസു

നവ ഉദാരവൽക്കരണത്തിന്റെയും കോർപറേറ്റ്‌ വൽക്കരണത്തിന്റെയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദ്യാഭ്യാസ മേഖലയിലടക്കം കേന്ദ്ര സർക്കാർ വർഗീയത ആയുധമാക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ മുൻ ജനറൽ സെക്രട്ടറി നീലോൽപൽ ബസു പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച്‌ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്‌. വർഗീയതയെ ചെറുത്ത്‌ മതനിരപേക്ഷ കലാലയങ്ങൾ പടുത്തുയർത്തിയുള്ള വിദ്യാർഥിമുന്നേറ്റം ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home