ad
Deshabhimani

മഴക്കെടുതിയിൽ രാജ്യം; ജൂലൈ 1 വരെ അതിശക്ത മഴ

rain alert india

photo credit: pti

വെബ് ഡെസ്ക്

Published on Jun 26, 2025, 12:03 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത്‌ മഴ കനക്കുന്നു. മഴയെത്തുടർന്ന്‌ നിരവധി സംസ്ഥാനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്‌.


രാജ്യത്തുടനീളം മൺസൂൺ ശക്തി പ്രാപിച്ചതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളപൊക്ക മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ഗുജറാത്ത് മുതൽ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയും മിന്നലും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലും ഗുജറാത്തിലെ നന്ദോഡിലും ലുനാവാഡയിലും അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌. പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവരികയാണ്‌.


ഗുജറാത്തിലെ കിഴക്കൻ ജില്ലകളായ സൂറത്ത്, നന്ദോദ്, ദാഹോദ്, ഛോട്ട ഉദേപൂർ, പഞ്ച്മഹൽ, വൽസാദ്, താപി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായതായി ഐഎംഡി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനത്ത മഴയെത്തുടർന്ന് താപി നദി കരകവിഞ്ഞൊഴുകിയത്‌ ജനവാസ മേഖലകളിൽ വെള്ളം കയറാൻ കാരണമായി.


ചൊവ്വാഴ്ച മാത്രം സൂറത്ത് നഗരത്തിൽ 346 മില്ലിമീറ്റർ മഴ ലഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്, പൂനെ, സത്താറ, കോലാപ്പൂർ, അമരാവതി, യവത്മാൽ തുടങ്ങി നിരവധി ജില്ലകളിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു. തെലങ്കാനയിലെ കൃഷ്ണ, ഗോദാവരി നദീതീരങ്ങളിൽ വെള്ളം ഉയർന്നത്‌ നൽഗൊണ്ട, ആദിലാബാദ്, നിസാമാബാദ് ജില്ലകളിൽ വെള്ളപൊക്കത്തിന്‌ കാരണമായി.


ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം കനത്ത നാശമാണ്‌ വിതച്ചിരിക്കുന്നത്‌. സൈൻജിലെ ജിവാനാല, ഗഡ്സയിലെ ശിലാഗഡ്, മണാലിയിലെ സ്നോ ഗാലറി, ബഞ്ചറിലെ ഹോർനഗഡ്, ധർമശാല എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന്‌ വെള്ളം ഉയർന്നു. സൈൻജിലെ റെയ്‌ല ബിഹാലിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. കുളുവിൽ എട്ട് വാഹനങ്ങൾ ഒഴുകിപ്പോയി. ധർമശാലയ്ക്ക് സമീപം ഖനിയാരയിലെ മനുനി ഖാദിൽ പത്തിലധികം തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. മണികരനിലെ ബ്രഹ്മഗംഗ നാല, ഗ്രഹാൻ, കുത്തി കക്ഡി നാല, ജിഭിയിലെ കോട്‌ലാധറിന് സമീപത്തും വെള്ളപ്പൊക്കമുണ്ടായി.


2025 ജൂൺ 25 മുതൽ ജൂലൈ 1 വരെ പല സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. 26ന്‌ തീരദേശ കർണാടക, കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, കേരളം, മാഹി, മധ്യമഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home