ആർ എൻ രവിക്ക് തിരിച്ചടി; ഗവർണർ വിളിച്ച സമ്മേളനം വൈസ് ചാൻസലർമാർ ബഹിഷ്കരിച്ചു

ഊട്ടി: തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് തിരിച്ചടി. ഊട്ടിയിൽ ഗവർണർ വിളിച്ചുചേർത്ത സമ്മേളനം വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ബഹിഷ്കരിച്ചു. സംസ്ഥാനത്തിന്റെ കീഴിലുള്ള സർവകലാശാലകളിലെ വിസിമാരും ആക്ടിങ് വിസിമാരും പങ്കെടുക്കില്ല. സുപ്രീം കോടതി വിധി തിരിച്ചടിയായതിന് പിന്നാലെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണർ സമ്മേളനം വിളിച്ചുചേർത്തത്.
തമിഴ്‌നാട്ടിലെ 19 സർക്കാർ സർവകലാശാലകളിലെയും 9 സ്വകാര്യ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെയും മൂന്ന് കേന്ദ്ര സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സർക്കാർ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പൂർണമായും സമ്മേളനം ബഹിഷ്കരിച്ചു. സ്വകാര്യ സർവകലാശാലകളിലെ ചില വൈസ് ചാൻസലർമാരും പങ്കെടുക്കില്ല.
തമിഴ്‌നാട് ഗവർണർ ആർ എൻ രവി കഴിഞ്ഞ മൂന്ന് വർഷമായി ഊട്ടിയിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടത്തിവരുന്നുണ്ട്. നാലാം വർഷമാണ് ഊട്ടിയിലെ ഗവർണറുടെ മാൻഷനിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടക്കുന്നത്. രണ്ട് ദിവസമായാണ് സമ്മേളനം നടക്കുക. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കും.
കഴിഞ്ഞ 8ന് തമിഴ്നാട് ഗവർണർ ആർ എൻ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും പാസാക്കിയതായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട് നിയമസഭ അംഗീകാരത്തിനായി സമർപ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഗവർണർമാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലാണ് കോടതിയുടെ നിരീക്ഷണം.








0 comments