print edition ഹിന്ദി അടിച്ചേൽപ്പിക്കലിന് തിരിച്ചടി; ത്രിഭാഷാനയം പുനഃപരിശോധിക്കണം

റിതിൻ പൗലോസ്
Published on Aug 21, 2026, 01:30 AM | 1 min read
ന്യൂഡൽഹി : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ത്രിഭാഷാനയത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. നയം നടപ്പാക്കുന്നതിനെ വിമർശിച്ച കോടതി പുനഃപരിശോധന വേണമെന്ന് കേന്ദ്രത്തോടും സിബിഎസ്‌ഇയോടും നിർദേശിച്ചു. ഇംഗ്ലീഷിനെ വിദേശഭാഷയായി വർഗീകരിച്ച സിബിഎസ്‌ഇയെ അതിരൂക്ഷമായാണ് കോടതി വിമർശിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ഒൗദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് തദ്ദേശഭാഷയല്ലെന്ന് എങ്ങനെ പറയുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച് ആരാഞ്ഞു.
എല്ലാ ഭാഷയെയും ബഹുമാനിക്കണം. നയം നടപ്പാക്കുന്നതിലെ പോരായ്‌മ കണ്ടെത്തി പുനഃപരിശോധിച്ച് പരിഹരിക്കണം. രാജ്യത്ത് ഇംഗ്ലീഷിന്റെ ചരിത്രപരമായ വേരുകൾ പരിഗണിക്കുന്പോൾ ഭാഷ തദ്ദേശീയമാണോ അല്ലയോ എന്ന ഭരണഘടനാപരമായ ചോദ്യവും ഉയരുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇതിനകം ഭാഷ തെരഞ്ഞെടുത്ത ആറാം ക്ലാസുകാർക്ക് ഇളവ് നൽകുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.
ഇംഗ്ലീഷിനെ വിദേശ ഭാഷയാക്കുകയും രണ്ട് ഇന്ത്യൻ ഭാഷകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ത്രിഭാഷാനയം ഒമ്പത്,10 ക്ലാസുകളിൽ നിർബന്ധമാക്കിയ സിബിഎസ്ഇ സർക്കുലറിനെ ചോദ്യംചെയ്‌ത് അധ്യാപകരും രക്ഷിതാക്കളും നൽകിയ ഹർജികളിലാണ് വിമർശം. ജൂലൈ ഒന്നുമുതൽ നയം പ്രാബല്യത്തിലായതോടെ ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിവരുന്നത്.
പാഠപുസ്‌തകവും അധ്യാപകരും ലഭ്യമല്ലാതിരുന്നിട്ടും പുതിയ ഭാഷ പഠിക്കാൻ വിദ്യാർഥികൾ നിർബന്ധിക്കപ്പെടുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സർക്കുലറിൽ പറയുന്ന 23 ഭാഷകളിൽ എത്ര അധ്യാപകരെ നിയമിച്ചു, പാഠപുസ്‌തകങ്ങൾ നൽകിയോ തുടങ്ങി സമഗ്ര വിവരങ്ങൾ അറിയിക്കണമെന്ന് കോടതി സിബിഎസ്‌ഇയോട് നിര്‍ദേശിച്ചു. ഏത് ക്ലാസ് മുതൽ ത്രിഭാഷാനയം നടപ്പാക്കണമെന്നത് ശാസ്‌ത്രീയമായി തീരുമാനിക്കണം. 99.19 ശതമാനം സ്‌കൂളിലും മതിയായ സൗകര്യമുണ്ടെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചത്. എന്നാല്‍ 234 സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാത്താനുണ്ടെന്നും സമ്മതിച്ചു.










0 comments