ഉജ്ജയിനിൽ വാങ്ങിക്കൂട്ടിയത് കോടികൾ വിലയുള്ള 168 ഏക്കർ ഭൂമി; മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണം

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ ഗുരുതര അഴിമതി ആരോപണം. അധികാരത്തിലെത്തിയ ശേഷം മോഹൻ യാദവും കുടുംബവും റിയൽ എസ്റ്റേറ്റ് ബിസിനസ് വഴി കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 2021-23 കാലയളവിൽ സംസ്ഥാനത്തെ പ്രധാന പ്രദേശങ്ങളിലൊന്നായ ഉജ്ജയിനിൽ 194 പ്ലോട്ടുകളിലായി ഏകദേശം 168 ഏക്കർ ഭൂമി മോഹൻ യാദവിന്റെ കുടുംബാംഗങ്ങൾ കൈവശപ്പെടുത്തിയതായാണ് പരാതി. മധ്യപ്രദേശ് സർക്കാർ വൻ വികസനപദ്ധതികൾ നടപ്പാക്കുന്ന ഉജ്ജയിനിലാണ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും ഭൂമി വാങ്ങിക്കൂട്ടിയത്. പുതിയ റോഡുകളും ഹൈവേകളും അടക്കം ഇവിടെ പല വികസനപ്രവർത്തനങ്ങളും നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുള്ള സ്ഥലത്ത് കുറഞ്ഞ വിലയിൽ ഇത്രയുമധികം ഭൂമി മോഹൻ യാദവും ബന്ധുക്കളും ചേർന്ന് വാങ്ങിയതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രേഖകൾ പ്രകാരം, ഈ പ്ലോട്ടുകൾ മോഹൻ യാദവിന്റെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാൽ, നാരായൺ യാദവ്, നാരായണന്റെ ഭാര്യ രേഖ, അവരുടെ മകൻ അഭയ് യാദവ്, സഹോദരങ്ങളായ ഗോവിന്ദ്, നിലേഷ് യാദവ് എന്നിവർ നേരിട്ടും കുടുംബം നടത്തുന്ന നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയും 2023 മുതലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കർ ഭൂമി വാങ്ങിയത്. ഭൂമിയുടെ ഉടമസ്ഥാവകാശ റിപ്പോർട്ട് അനുസരിച്ച്, കുടുംബത്തിനും ബന്ധുക്കൾക്കും 245 പ്ലോട്ടുകളിലായി 335 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുണ്ട്.
മിക്ക പ്ലോട്ടുകളും ഉജ്ജയിനിന് ചുറ്റുമുള്ള, പുതുതായി പ്രഖ്യാപിച്ച റോഡ് പദ്ധതികൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ മിക്ക പ്ലോട്ടുകളും ഉജ്ജയ്ൻ മാസ്റ്റർ പ്ലാൻ 2035 പ്രകാരം കാർഷിക ഉപയോഗത്തിൽ നിന്ന് പാർപ്പിട അല്ലെങ്കിൽ വാണിജ്യ ഉപയോഗത്തിലേക്ക് ഭൂവിനിയോഗം മാറ്റുന്നതിനായി വേർതിരിച്ച പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയുമാണ്. ഇതിൽ ആറെണ്ണം പിന്നീട് വിറ്റഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
യാദവ് മുഖ്യമന്ത്രിയാകുന്നതിന് മാസങ്ങൾക്ക് മുമ്പ് 2023 മെയിലാണ് ഉജ്ജയ്ൻ മാസ്റ്റർ പ്ലാൻ 2035 പുറത്തിറങ്ങിയത്. 2004-2010 കാലയളവിൽ ഉജ്ജയ്ൻ വികസന അതോറിറ്റിയുടെ ചെയർപേഴ്‌സണായും 2011-13 കാലയളവിൽ എംപി ടൂറിസം വികസന കോർപ്പറേഷന്റെ (എംപിടിഡിസി) തലവനായും 2013 മുതൽ ഉജ്ജയ്നിൽ (തെക്ക്) നിന്നുള്ള എംഎൽഎയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് യാദവ്. 2024 ജനുവരി മുതൽ, മോഹൻ യാദവ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ, സംസ്ഥാന സർക്കാർ ഈ പ്രദേശങ്ങളിൽ നിരവധി പുതിയ റോഡ് ലിങ്കുകളും ഹൈവേകളും പ്രഖ്യാപിച്ചു. 2023 ഡിസംബർ 13 ന് യാദവ് മുഖ്യമന്ത്രിയായതിനുശേഷം, 2025 ഡിസംബർ അവസാനം വരെ യാദവിന്റെ കുടുംബവും അവരുടെ റിയൽ എസ്റ്റേറ്റ് കമ്പനികളും കുറഞ്ഞത് 137 പ്ലോട്ടുകളെങ്കിലും വാങ്ങിയിട്ടുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. റിപ്പോർട്ടിനോട് മുഖ്യമന്ത്രിയും ബന്ധുക്കളും പ്രതികരിച്ചിട്ടില്ല.










0 comments