ഒഡീഷയിലെ സർക്കാർ ഓഫീസിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ

Photo: India Today
ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ഓഫീസിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ജഗത്സിംഗ്പൂരിലെ ഡിആർഡിഎ ഓഫീസിലെ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ധനകാര്യ വിഭാഗം ജീവനക്കാരിയായ മധുസ്മിത സാമന്തറ ശുചിമുറിക്കുള്ളിൽ കയറിയപ്പോഴാണ് സംശയാസ്പദമായ രീതിയിൽ ഇലക്ട്രോണിക് ഉപകരണം തറയിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു.
അതീവ സുരക്ഷാ മേഖലയിൽ ഒളിക്യാമറ എങ്ങനെ എത്തിയതെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. യഥാർത്ഥത്തിൽ നിരീക്ഷണ ആവശ്യങ്ങൾക്കായി സ്ഥാപിച്ചതാണോ എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി ഓഫീസ് സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഓഫീസിലെ ആർക്കെങ്കിലും പങ്കുണ്ടോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായി മനഃപൂർവ്വം ഉപകരണം സ്ഥാപിച്ചതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പിടിച്ചെടുത്ത ഉപകരണം പരിശോധിച്ച്, അതിൽ സൂക്ഷിച്ചിട്ടുള്ളതോ ഡിലീറ്റ് ചെയ്തതോ ആയ വിവരങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഒരു ഡിജിറ്റൽ ഫോറൻസിക് സംഘത്തെയും ചുമതലപ്പെടുത്തി. അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് തിർതോൾ എസ്ഡിപിഒ അറിയിച്ചു. ഒളിക്യാമറ കണ്ടെത്തിയതോടെ ഓഫീസിലെ വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു. ഇനിയും ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.










0 comments