print edition ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

കൊൽക്കത്തയിലെ വിതരണ കേന്ദ്രത്തിൽനിന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുമായി പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോ: പിടിഐ
ഗോപി
Published on Apr 29, 2026, 12:16 AM | 1 min read
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ബുധനാഴ്‌ച വിധിയെഴുതും. ദക്ഷിണ ബംഗാളിലെ ഏഴു ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പിൽ 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. 1448 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ്, ബിജെപി കക്ഷികൾ തമ്മിലാണ് മുഖ്യപോരാട്ടം. കോൺഗ്രസിന് എല്ലായിടത്തും സ്ഥാനാർഥികളുണ്ടെങ്കിലും മത്സരം കാഴ്‌ചവയ്‌ക്കുന്നത് ചിലയിടത്തുമാത്രം. കേരളം, ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ബുധനാഴ്‌ച പുറത്തുവരും. മെയ് നാലിനാണ് വോട്ടെണ്ണൽ.
ബംഗാളിൽ പലയിടങ്ങളിലും വ്യാപക അക്രമമുണ്ടായി. ഉത്തര 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടിൽ നാല് സിപിഐ എം പ്രവർത്തകരെ ബിജെപിക്കാർ അക്രമിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം സ്ഥാനാർഥി കലാതൻ ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ പാനിഹട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. നിരവധി സ്ഥലങ്ങളിൽ തൃണമൂൽ, ബിജെപി പ്രവർത്തകർ എറ്റുമുട്ടി. ബംഗാളിൽ വോട്ടെടുപ്പ് പൂർത്തിയായി 60 ദിവസത്തേക്കുകൂടി കേന്ദ്രസേന തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.










0 comments