രണ്ടാം ഘട്ട വോട്ടെടുപ്പ്: ബംഗാൾ ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക്; നാളെ ജനവിധി

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ മുന്നണികളും നടത്തുന്നത്. ബുധനാഴ്ച 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വോട്ട് പട്ടികയിൽ കൃത്രിമം കാട്ടിയും വർഗീയ കാർഡിറക്കിയും അധികാരം പിടിക്കാനാണ് ബിജെപി നീക്കം. അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ നേരിട്ടെത്തിയാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രചാരണം നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മറുഭാഗത്ത്, ഭരണവിരുദ്ധ വികാരത്തെയും അഴിമതി ആരോപണങ്ങളെയും പ്രതിരോധിക്കാൻ തൃണമൂൽ വിയർക്കുകയാണ്. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളിലും ഇത്തവണ ജനങ്ങൾ മാറ്റത്തിനായി ചിന്തിക്കുന്നത് ഭരണകക്ഷിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും വിജയിക്കുമെന്ന ബിജെപിയുടെ അവകാശവാദം വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 93 ശതമാനം എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയ ആദ്യഘട്ടത്തിൽ ഇടതുപക്ഷ മതേതര സഖ്യത്തിന്റെ മുന്നേറ്റം ബിജെപിയെയും തൃണമൂലിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ബദൽ ഉയർത്തുന്ന ഇടതുപക്ഷത്തിന്റെ കരുത്ത് നിയമസഭയിൽ പ്രതിഫലിക്കുന്ന പോരാട്ടത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. മെയ് നാലിന് വോട്ടെണ്ണുമ്പോൾ ബിജെപി-തൃണമൂൽ സഖ്യങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾക്ക് ജനങ്ങൾ അന്ത്യം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










0 comments