മിസോറാമിൽ കനത്ത മഴ, മണ്ണിടിച്ചിൽ, അഞ്ച് ജില്ലകളിൽ വിദ്യാലയങ്ങൾ അടച്ചു

ഐസ്വാൾ: മിസോറാമിൽ തുടരുന്ന കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ബുധനാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 70-ലധികം വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നു.നിരവധി പള്ളി ഹാളുകൾ, സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഐസ്വാൾ ജില്ലയിൽ പലയിടത്തും പാറക്കല്ലുകൾ ഇടിഞ്ഞുവീണും മണ്ണൊലിപ്പും മൂലം ഗതാഗത തടസ്സമുണ്ടായി
ഐസ്വാൾ, സെർച്ചിപ്പ്, ലങ്‌ലൈ എന്നീ ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌കൂളുകൾ അടച്ചിടുന്നത്. ചൊവ്വാഴ്ച പ്രവർത്തിച്ചിരുന്ന തെക്കൻ ജില്ലകളായ ഹനാഹ്‌തിയാൽ, ലാവ്‌ങ്‌ത്‌ലായ് എന്നിവിടങ്ങളിലും ഇന്ന് അവധി നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ആഞ്ചല സോതൻപുയി അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഐസ്വാളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് (57.8 mm). മമിത് (47.5 mm), ഖവ്‌സാൾ (35.5 mm), സെർച്ചിപ്പ് (34.5 mm), സിയാഹ (34 mm) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
വെള്ളിയാഴ്ച വരെ ഐസ്വാൾ, കൊളാസിബ്, മമിത്, ചമ്പൈ, സെർച്ചിപ്പ് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊളാസിബ്, ഐസ്വാൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരിക്കയാണ്.










0 comments