ബിഹാറിലെ സർക്കാർ സ്കൂളിൽ ഇരുമ്പ് ഗ്രിൽ തലയിൽ വീണ് വിദ്യാർഥി മരിച്ചു

ബിഹാറിൽ അപകടം നടന്ന സ്കൂൾ (വീഡിയോ സ്ക്രീൻഷോട്ട്)
പട്ന: ബിഹാറിൽ ക്ലാസ് മുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗ്രിൽ തലയിൽ വീണ് വിദ്യാർഥി മരിച്ചു. ബെഗുസാരായി ജില്ലയിലെ ബച്വാര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഹാൻപൂർ അപ്ഗ്രേഡ് സെക്കൻഡറി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
ഉച്ചഭക്ഷണ സമയത്താണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഭക്ഷണം കഴിക്കാനായി ക്ലാസ് മുറിയിലേക്ക് കയറിയതായിരുന്നു. ഈ സമയത്ത് മുറിയിൽ അശ്രദ്ധമായി സൂക്ഷിച്ചിരുന്ന ജനലിന്റെ വലിയ ഇരുമ്പ് ഗ്രിൽ വിദ്യാർഥിയുടെ തലയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സംഭവം സ്കൂൾ അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് തെഗ്ര എസ്ഡിപിഒ കൃഷ്ണ കുമാർ വ്യക്തമാക്കി. അപകടവിവരം സ്കൂൾ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചതായും ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്കൂൾ വളപ്പിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.










0 comments