മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നിഷേധിക്കരുത്: സിപിഐ എം

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിയെ പട്ടികജാതി വിഭാഗമായി കണക്കാക്കാനാവില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചതിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ വിയോജിപ്പ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി അംഗീകരിച്ച സുപ്രീംകോടതി നിലപാട് പുനഃപരിശോധിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണവും മറ്റ് ആനുകൂല്യങ്ങളും അവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, നിലവിലെ കോടതി വിധി ഈ സാമൂഹിക യാഥാർഥ്യങ്ങളെ അവഗണിച്ച് മതപരമായ സ്വത്വത്തിന് അമിത പ്രാധാന്യം നൽകുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വങ്ങളുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണിതെന്ന് പിബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് പരിഷ്കരിക്കണമെന്നും കൂടുതൽ വ്യക്തതയ്ക്കായി ഇത് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments