സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം: ബിജെപി മന്ത്രിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം വിജയ് ഷായ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. . ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിക്ക് ഓരോ വാക്കിനും ഉത്തരവാദിത്തം വേണമെന്നും ഇത്തരമൊരു പരാമർശം മന്ത്രി നടത്തുന്നത് ഉചിതമാണോയെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ചോദിച്ചു.
ഹൈക്കോടതി നടപടിക്ക് പിന്നാലെ വിജയ് ഷായ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബുധനാഴ്ച രാത്രി ഇൻഡോർ ജില്ലയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിജയ് ഷായ്‌ക്കെതിരെ നാല് മണിക്കൂറിനുള്ളിൽ കേസെടുക്കണമെന്നായിരുന്നു പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതി കർശന നിർദേശം നൽകിയത്.
സെക്ഷൻ152(ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തി) , 196 (1) (B) (വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തി), 197 (1) (സി)(വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സമുദായത്തിലെ അംഗത്തെക്കുറിച്ച് സംസാരിക്കുന്നു) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇൻഡോറിൽ നടന്ന പരിപാടിയിലാണ് മധ്യപ്രദേശിലെ ബിജെപി സർക്കാരിൽ ആദിവാസിക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷാ പരാമർശം നടത്തിയത്. ‘ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്‌ച്ചു. അവർക്ക് മറുപടി നൽകാൻ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവർ ഹിന്ദുക്കളുടെ വസ്‌ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തിൽ തിരിച്ചടിച്ചു. നിങ്ങൾ ഞങ്ങളുടെ സ്‌ത്രീകളെ വിധവകളാക്കിയാൽ ഞങ്ങൾ നിങ്ങളുടെ സ്‌ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നൽകിയത്’– എന്നായിരുന്നു ഷായുടെ പരാമർശം.








0 comments