ജനസംഖ്യയുടെ വർധനയ്ക്ക് ആനുപാതികമായി സംവരണ മണ്ഡലങ്ങൾ കൂടില്ല: എസ്‌സി–എസ്‌ടി വിഭാഗത്തിന് തിരിച്ചടി


സ്വന്തം ലേഖകൻ
Published on Nov 29, 2026, 12:32 AM | 1 min read
ന്യൂഡൽഹി
: മണ്ഡല പുനർനിർണയം 2011 സെൻസസ് കണക്കിന്റെ അടിസ്ഥാനത്തിൽ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങൾക്ക് തിരിച്ചടി. എസ്‌സി–എസ്‌ടി ജനസംഖ്യയുടെ വർധനവിന് ആനുപാതികമായി സംവരണ മണ്ഡലങ്ങൾ കൂടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2026–27 ലെ സെൻസസ് അനുസരിച്ചാണ് മണ്ഡല പുനർനിർണയമെങ്കിൽ എസ്‌സി–എസ്‌ടി സീറ്റുകളുടെ എണ്ണം വർധിക്കുമെന്ന് പ്രതിപക്ഷ പാർടികള്‍ ചൂണ്ടിക്കാട്ടുന്നു.
ആകെ 543 ലോക്‌സഭാ സീറ്റിൽ 131 എണ്ണത്തിലാണ് എസ്‌സി–എസ്‌ടി സംവരണം.
1971 ലെ സെൻസസ് അടിസ്ഥാനത്തിലാണ് ലോക്‌സഭാ സീറ്റുകളും സംവരണ സീറ്റുകളും നിശ്‌ചയിച്ചത്. 1971 ലെ സെൻസസിൽ എസ്‌സി–എസ്‌ടി ജനസംഖ്യ 21.5 ശതമാനമാണ്. ലോക്‌സഭയിൽ എസ്‌സി–എസ്‌ടി സീറ്റുവിഹിതം 24.13 ശതമാനമാണ്. ജനസംഖ്യയേക്കാൾ ഏതാണ്ട് മൂന്ന് ശതമാനം അധികം സീറ്റുകൾ എസ്‌സി–എസ്‌ടി വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
2011 ലെ സെൻസസ് കണക്ക് പ്രകാരം എസ്‌സി–എസ്‌ടി ജനസംഖ്യ 25.2 ശതമാനമാണ്. 2026 ലെ സെൻസസ് കണക്ക് പ്രകാരം എസ്‌സി–എസ്‌ടി ജനസംഖ്യ 27 ശതമാനമെങ്കിലും ആകും. 2011 ലെ സെൻസസ് കണക്കിൽ മണ്ഡല പുനർനിർണയം നടത്തുമ്പോൾ എസ്‌സി–എസ്‌ടി വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യയ്‌ക്ക് ആനുപാതികമായി സീറ്റ് ലഭിക്കില്ല.
2011 ലെ സെൻസസ് അടിസ്ഥാനമാക്കി പുനർനിർണയം നടത്തിയശേഷം അടുത്ത 25 വർഷത്തേക്ക് മരവിപ്പിക്കാനാണ് നീക്കം. അങ്ങനെ ചെയ്‌താൽ 40 വർഷത്തേക്ക് സംവരണ സീറ്റുകൾ മരവിപ്പിക്കുന്ന സാഹചര്യമൊരുങ്ങുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ചൂണ്ടിക്കാട്ടി.









0 comments