Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ അസാധാരണ സംരക്ഷണ വ്യവസ്ഥ ചേര്‍ത്തത് ആസൂത്രിതമോ; ഹര്‍ജിയിൽ സുപ്രീം കോടതി വിശദീകരണം തേടി

cec sc
വെബ് ഡെസ്ക്

Published on Nov 04, 2026, 03:30 PM | 3 min read

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതിക്ക് പോലുമില്ലാത്ത സംരക്ഷണ വ്യവസ്ഥ തെരഞ്ഞുടുപ്പ് കമ്മീഷന് നൽകിക്കൊണ്ടുള്ള 2023 ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഇടപെട്ട് സുപ്രീം കോടതി. സിഇസി, ഇസി നിയമനങ്ങളിൽ ഉൾപ്പെടുത്തിയ അസാധാരണ സംരക്ഷണ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികൾ കോടതി പരിഗണിച്ചു. ഇത് സംബന്ധിച്ച പ്രതികരണം അറിയിക്കാൻ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.


ചീഫ് ഇലക്ഷൻ കമ്മീഷണ‍മാർക്കും ഇലക്ഷൻ കമ്മീഷണര്‍മാർക്കും നിയമനടപടികളിൽ നിന്നും ക്രിമിനൽ വിചാരണകളിൽ നിന്നും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023 ലെ നിയമത്തിലെ വകുപ്പ് 16 ന്റെ വ്യവസ്ഥകളാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. 'ദ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്, 2023' എന്ന നിയമം വഴി മൂൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയത്.


ആര്‍ജെഡി എം പി മനോജ് ഝാ, പ്രമുഖ അഭിഭാഷകരായ തന്യ ശ്രീവാസ്തവ, അരുൺ കുമാർ അഗർവാൾ എന്നിവരെ പ്രതിനിധീകരിച്ച് കോടതി മുമ്പാകെ എത്തിയ ഹർജികളിലാണ് കോടതി നിര്‍ണായക നടപടിക്ക് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഡിസംബർ 18-ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.


സിഇസി തെരഞ്ഞെടുപ്പിൽ നിന്ന്

ചീഫ് ജസ്റ്റീസിനെ വെട്ടമാറ്റിയ നിയമം


ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതിനുള്ള അധികാരം കൈപ്പിടിയിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ നിന്നും ഈ ചീഫ് ജസ്റ്റീസിനെ പുറത്താക്കുകയും ചെയ്തിരുന്നു. ദ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്, 2023 നടപ്പാക്കിയതിന് എതിരെ അന്ന് പ്രതിപക്ഷ പാര്‍ടികൾ നിയമ നടപടിക്ക് തുടക്കമിട്ടു.


പ്രത്യേക പ്രതിരോധം

നൽകിയത് എന്തിന്


എസ് ഐ ആര്‍ വോട്ട് വെട്ടൽ നടപടി കമ്മീഷൻ ആരംഭിച്ചതോടെയാണ് 2023 ലെ നിയത്തിന് പിന്നിലെ ഗൂഢ ഉദ്ദേശങ്ങൾ സാവകാശം വെളിവാക്കുന്നത്. ഇതിൽ കമ്മീഷന് അമിത പ്രതിരോധം നൽകുന്ന ഒരു വ്യവസ്ഥയാണ് ഇന്ന് പരിഗണിച്ച കേസിലെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്.


2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് അപ്പോയിന്റ്മെന്റ് ആക്ട്' സെക്ഷൻ 16 ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ചോദ്യം ചെയ്യുന്നു. 'ജ്യുഡീഷ്യൽ റിവ്യൂ' (നിയമപരമായ പരിശോധനാധികാരം) എന്ന തത്ത്വത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.


ഔദ്യോഗിക പദവിയിലിരിക്കുമ്പോഴോ വിരമിച്ച ശേഷമോ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്ത കാര്യങ്ങൾ, പറഞ്ഞ വാക്കുകൾ എന്നിവയുടെ പേരിൽ സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് കമ്മീഷണർമാർക്ക് ഈ വകുപ്പ് സമ്പൂർണ്ണ സംരക്ഷണം നൽകുന്നു.


അഴിമതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും ആജീവനാന്ത ഇളവ് നൽകുന്നത് തുല്യതയ്ക്കും നീതി ലഭിക്കാനുമുള്ള അവകാശങ്ങൾക്കും (ആർട്ടിക്കിൾ 14, 21) എതിരാണ് എന്നും ഹർജിയിൽ ചൂണ്ടികാട്ടി.


രാഷ്ട്രപതിക്കും

ഗവർണർമാർക്കും

ഇല്ലാത്ത അധികാരം


ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം രാഷ്ട്രപതിക്കും ഗവർണർമാർക്കും നൽകിയിട്ടുള്ള നിയമപരമായ ഇളവുകൾ പോലും അവർ പദവിയിലിരിക്കുന്ന കാലയളവിലേക്ക് മാത്രമായി പരിമിതപ്പെടുത്തിട്ടുണ്ട്. മാത്രമല്ല സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാർക്ക് പോലും പൂർണ്ണമായ ഇത്തരം ആജീവനാന്ത ഇളവുകളും പരിഗണനകളും ഇല്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഇത്തരമൊരു പരിരക്ഷ നൽകുന്നത് ആനുപാതികമല്ലെന്ന് ഹര്‍ജിയിൽ ചൂണ്ടി കാട്ടി. ഈ ആക്ട് വരുന്നതിന് മുമ്പ് ഇത്തരമൊരു ആജീവനാന്ത ഇളവ് ഇല്ലാതെ തന്നെ പതിറ്റാണ്ടുകളായി സ്വതന്ത്രവും കാര്യക്ഷമവുമായി തിരഞ്ഞെടുപ്പുകൾ നടത്താൻ കമ്മീഷന് സാധിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഇത്തരം ഒരു വകുപ്പിന്റെ ആവശ്യം സദുദ്ദേശപരമല്ലെന്നും പരാതിക്കാര്‍ ചൂണ്ടികാട്ടി.


ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത്


തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമതിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ വെട്ടിമാറ്റി പകരം ചേര്‍ത്തത് കേന്ദ്ര സര്‍ക്കാരിലെ ഒരു കാബിനറ്റ് മന്ത്രിയെയാണ്. ഇതാണ് നിയമാക്കിയത്.


സമിതിയിൽ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതി നിയമനം നടത്തണമെന്നായിരുന്നു 2023 മാർച്ച് 2-ലെ ചരിത്രപ്രധാനമായ സുപ്രീം കോടതി വിധി. ഇതിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം വഴി വെള്ളം ചേര്‍ത്തത്. എന്നാൽ 2023 ഡിസംബറിൽ കേന്ദ്ര സർക്കാർ പാസാക്കിയ ഈ പുതിയ നിയമം വഴി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തി.


ഈ നിയമപ്രകാരം നിർണ്ണായകമായ മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രിയും അദ്ദേഹം നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്നതിനാൽ കേന്ദ്ര സർക്കാരിന് വ്യക്തമായ ഭൂരിപക്ഷവും തീരുമാനങ്ങളിൽ മേൽക്കൈയും ലഭിക്കുന്നു.


ഗ്യാനേഷ് കുമാര്‍ നിയമിതനായത്


2023 ഡിസംബറിലാണ് പുതിയ നിയമം നിലവിൽ വന്നത്. ഇതിന് ശേഷം പ്രധാനമന്ത്രി, കേന്ദ്ര കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ പുതിയ സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2024 മാർച്ച് 14-നാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയും ഇലക്ഷൻ കമ്മീഷണർമാരായി നിയമിച്ചത്. ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയ ശേഷം നിയമിനായ ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണറാണ് എസ് ഐ ആറിലൂടെ വിവാദത്തിലായ ഗ്യാനേഷ് കുമാര്‍. ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന രാജീവ് കുമാർ വിരമിച്ചതിനെ തുടർന്ന് 2025 ഫെബ്രുവരി 19-ന് ഇന്ത്യയുടെ 26-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറായി (CEC) ചുമതലയേറ്റു.


കേസ് ഇനിയും പരിഗണനയിൽ


2023 മാർച്ച് 2-ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനൂപ് ബറൻവാൾ കേസിൽ സുപ്രീം കോടതി നൽകിയ ചരിത്രപരമായ ഉത്തരവിൽ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കാൻ നിയമന സമിതിയിൽ ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന് വിധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് കേന്ദ്ര സർക്കാർ പുതിയ നിയമം ഉണ്ടാക്കിയത്. ഗ്യാനേഷ് കുമാറിനെ നിയമിച്ചത് ഈ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിയമനം സ്റ്റേ ചെയ്യാനുള്ള ആവശ്യ പക്ഷേ ഉടൻ തന്നെ കോടതി പരിഗണിച്ചില്ല. ജസ്റ്റീസിനെ ഒഴിവാക്കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണന കാത്ത് കിടക്കുകയാണ്. ഇതിലെ സംരക്ഷണ വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home