എഐ നിര്‍മിത വിധികൾ വിഷവാതകം പോലെ അപകടം; വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡൽഹി: നിര്‍മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജവും നിലവിലില്ലാത്തതുമായ കോടതി വിധികൾ മുൻകാല ഉത്തരവുകളായി അവതരിപ്പിച്ച് വാദത്തിനിടെ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. നിയമരംഗത്ത് ഇത്തരം വ്യാജ വിവരങ്ങൾ ഉപയോഗിക്കുന്നതിനോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഒരു സുപ്രധാന ഉത്തരവ് ഇതേ തുടർന്ന് റദ്ദാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
'ഭോപ്പാൽ ദുരന്തം പോലെ മാരകം'
നിയമ വ്യവസ്ഥയിൽ വ്യാജ എഐ വിവരങ്ങൾ കടന്നുകൂടുന്നതിനെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ 'മീഥൈൽ ഐസോസയനേറ്റ്' (Methyl Isocyanate) വാതകത്തോടാണ് സുപ്രീം കോടതി ഉപമിച്ചത്.
"നിയമത്തിന്റെയും നീതിന്യായത്തിന്റെയും മേഖലയിൽ വ്യാജവും നിലവിലില്ലാത്തതുമായ എഐ വിവരങ്ങൾ മുൻവിധികളായി ഉപയോഗിക്കുന്നത് നീതിന്യായ വ്യവസ്ഥയിലേക്ക് 'മീഥൈൽ ഐസോസയനേറ്റ്' വാതകം തുറന്നുവിടുന്നത് പോലെയാണ്. ഇത് അദൃശ്യവും ചതിക്കുഴികൾ നിറഞ്ഞതുമാണ്; ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുമ്പോഴേക്കും വലിയ ദുരന്തം സംഭവിച്ചിട്ടുണ്ടാകും. ഇത് നീതിന്യായ നിർണ്ണയത്തിന്റെ ജീവരക്തത്തെത്തന്നെ ഇല്ലാതാക്കുന്നു."
— സുപ്രീം കോടതി ബെഞ്ച്
ട്രിബ്യൂണലോ പരാതിക്കാരോ
ഹാജരാക്കിയത് എഐ വിധി
'എസ്സൽ ഇൻഫ്രാപ്രൊജക്ട്സ്'എന്ന കമ്പനിക്കെതിരായ പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ടാണ് കേസ് കോടതിയിലെത്തിയത്. ജമ്മു കശ്മീർ ബാങ്കും എസ്സൽ ഇൻഫ്രാപ്രൊജക്ട്സും തമ്മിലുള്ള തർക്കത്തിൽ കമ്പനിയുടെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡയറക്ടർ പൂജ രമേഷ് സിംഗ് ആണ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ വിധി പറയുന്നതിനായി NCLT മുംബൈ ബെഞ്ചും പിന്നീട് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലും (NCLAT) ആധാരമാക്കിയ പല മുൻകാല വിധികരും യഥാർത്ഥത്തിൽ ഇല്ലാത്തതാണെന്ന് സുപ്രീം കോടതി കണ്ടെത്തി.
എഐ ടൂളുകൾ വഴി നിർമ്മിച്ച എങ്ങുമില്ലാത്ത കേസ് പേരുകളും യഥാർത്ഥ വിധികളിൽ ഇല്ലാത്ത പരാഗ്രാഫുകളുമാണ് ട്രിബ്യൂണൽ വിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. 'ICICI ബാങ്ക് ലിമിറ്റഡ് എഗെയ്ൻസ്റ്റ് അർബൻ ഇൻഫ്രാസ്ട്രക്ചർ റിയൽ എസ്റ്റേറ്റ് ലിമിറ്റഡ് (2019)', 'സർബ്ജിത് സിംഗ് എഗെയ്ൻസ്റ്റ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (2022)' എന്നീ പേരുകളിൽ പരാമർശിച്ച കേസുകൾ നിയമ ഡാറ്റാബേസുകളിൽ എവിടെയും ഇല്ലാത്ത വ്യാജ വിധികൾ (AI Hallucinations) ആണെന്ന് തെളിഞ്ഞു.
തങ്ങളുടെ അഭിഭാഷകർ ഇത്തരം കേസുകൾ കോടതിയിൽ ഉദ്ധരിച്ചിട്ടില്ലെന്നും, ട്രിബ്യൂണൽ സ്വന്തം നിലയിൽ നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ വിധികൾ കണ്ടെത്തിയതെന്നും ജമ്മു കശ്മീർ ബാങ്ക് സത്യവാങ്മൂലം നൽകിയെങ്കിലും, ഇത് നിയമവ്യവസ്ഥയ്ക്ക് വരുത്തിയ പരിക്കിന്റെ ആഴം കുറയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധികൾ കൃത്യമാണോ എന്ന് പരിശോധിക്കാതെ എഐ നിർമ്മിത വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ ഔദ്യോഗിക വീഴ്ചയായി കണക്കാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അതുപോലെ തന്നെ, ഇത്തരം വ്യാജ വിവരങ്ങളെ മുൻനിർത്തി ജഡ്ജിമാർ വിധി പ്രസ്താവിക്കുന്നത് ഗുരുതരമായ പിഴവാണെന്നും കോടതി ഓർമ്മിപ്പിച്ചു. വ്യാജമായ ഒരു ചെറിയ വിവരമെങ്കിലും വിധിന്യായ പ്രക്രിയയെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, ആ വിധിക്ക് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും അത് റദ്ദാക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ബാർ കൗൺസിലിന് നിർദ്ദേശം
വെറുമൊരു പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്നും ഇതിന് കൃത്യമായ ഉത്തരവാദിത്തവും ശിക്ഷാ നടപടികളും ഉണ്ടാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കോടതികളിൽ വ്യാജ എഐ വിവരങ്ങൾ സമർപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു.
അഭിഭാഷകർ എഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും, ഇത് ലംഘിച്ചാൽ നേരിടേണ്ടി വരുന്ന അച്ചടക്ക നടപടികളും കമ്മിറ്റി രൂപീകരിക്കണം. നീതിന്യായ നിർവ്വഹണത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കോടതി എതിർക്കുന്നില്ല. എന്നാൽ എഐ എന്നത് ഒരു സഹായ ഉപാധി മാത്രമായിരിക്കണം. എല്ലാ ഘട്ടങ്ങളിലും അന്തിമമായ തീരുമാനമെടുക്കാനുള്ള അധികാരം മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന് കോടതി അടിവരയിട്ടു പറഞ്ഞു.
എസ്സൽ ഇൻഫ്രാപ്രൊജക്ട്സ് കേസ് എഐ വിധികൾ ഒഴിവാക്കിക്കൊണ്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിച്ച് രണ്ട് ആഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാൻ സുപ്രീം കോടതി NCLT-യോട് ആവശ്യപ്പെട്ടു.











0 comments