അരുണാചൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ കുടുംബത്തിന് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ കരാറുകൾ നൽകിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകി. 2015 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള പത്ത് വർഷ കാലയളവിൽ 1,270 കോടി രൂപയുടെ കരാറുകൾ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾക്ക് ലഭിച്ചുവെന്ന ഗുരുതരമായ ആരോപണത്തിലാണ് കോടതി ഇടപെടൽ.
'വോളന്ററി അരുണാചൽ സേന' (Voluntary Arunachal Sena), 'സേവ് മോൺ റീജിയൻ ഫെഡറേഷൻ' (Save Mon Region Federation) എന്നീ സംഘടനകൾ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രകാരം രണ്ടാഴ്ചയ്ക്കകം സിബിഐ പ്രാഥമിക അന്വേഷണം (Preliminary Inquiry) ആരംഭിക്കണം. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന സമഗ്രമായ സ്റ്റാറ്റസ് റിപ്പോർട്ട് 16 ആഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം.
പേമ ഖണ്ഡു, അദ്ദേഹത്തിന്റെ സഹോദരൻ സെറിംഗ് താഷി, രണ്ടാനമ്മ റിഞ്ചിൻ ഡ്രെമ എന്നിവർക്കും ഇവർക്ക് പങ്കാളിത്തമുള്ള കമ്പനികൾക്കും നൽകിയ കരാറുകൾ പ്രത്യേകം പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഓപ്പൺ ടെൻഡർ നടപടികൾ ഒഴിവാക്കി സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയുമാണ് കരാറുകൾ നൽകിയതെന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യത്തിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സിബിഐ പരിശോധിക്കും.
അന്വേഷണത്തോട് അരുണാചൽ പ്രദേശ് സർക്കാർ പൂർണ്ണമായി സഹകരിക്കണം. രേഖകൾ കൈമാറുന്നതിനായി ഒരാഴ്ചയ്ക്കകം ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത നാലാഴ്ചയ്ക്കകം ടെൻഡർ രേഖകൾ, പണമിടപാട് വിവരങ്ങൾ തുടങ്ങിയവ സിബിഐയ്ക്ക് ലഭ്യമാക്കണം.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള 'ബ്രാൻഡ് ഈഗിൾസ്' (M/s Brand Eagles) പോലുള്ള കമ്പനികൾക്ക് മുൻഗണന നൽകിയെന്നും പരാതിയിലുണ്ട്. സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ വ്യാപകമായ ക്രമക്കേട് നടന്നതായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടികാണിച്ചു. 2015-ലെ ഒരു നിയമം ഉപയോഗിച്ച് 50 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾ ടെൻഡർ ഇല്ലാതെ നൽകാൻ സാധിക്കുമെന്ന പഴുത് ദുരുപയോഗം ചെയ്തതായും പറഞ്ഞു.
അന്വേഷണം സുതാര്യമായിരിക്കണം. ഇത് കേസിലെ പ്രതികളെ കുറ്റക്കാരായി വിധിക്കുന്ന ഒന്നല്ല. കേവലം വസ്തുതാന്വേഷണം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു- ചിത്രം കടപ്പാട് IANS
കോൺഗ്രസ് വിട്ട് സ്വന്തം പാര്‍ടി,
പിന്നെ ബിജെപിയിലേക്ക്
നിലവിൽ ബിജെപിയുടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിൽ ഒന്നാണ് പേമ ഖണ്ഡു. 2016-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റു. കോൺഗ്രസിൽ നിന്ന് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേക്കും പിന്നീട് ബിജെപിയിലേക്കും മാറി എത്തിയതാണ്. സംസ്ഥാനത്ത് ബിജെപി ഭരണത്തിന് ശക്തമായ അടിത്തറ നൽകി. നേരത്തെയും ആരോപണങ്ങൾ ഉയര്‍ന്നതോടെയാണ് ബിജെപിയിൽ എത്തി സുരക്ഷിതനാവുന്നത്.
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60-ൽ 46 സീറ്റുകൾ നേടി ബിജെപി വൻ വിജയം കൈവരിച്ചതോടെ, അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സഖ്യമായ 'നെഡ' (NEDA - North-East Democratic Alliance) യിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇതിന്റെ പ്രധാന സംഘാടകനും കൺവീനറും. അമിത് ഷാ നേരിട്ട് ഇടപെട്ട് രൂപീകരിച്ച സംഘടനയാണ്.
അസമിലെ എജിപി (AGP), മേഘാലയയിലെ എൻപിപി (NPP), നാഗാലാൻഡിലെ എൻഡിപിപി (NDPP) എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾ ഏകോപിപ്പിക്കാൻ ബിജെപി നിർമ്മിച്ച തന്ത്രപരമായ ഈ സഖ്യത്തെ നയിക്കുന്നവരിൽ പ്രമുഖൻ തന്നെയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണ പരിധിയിൽ എത്തുന്നത്.










0 comments