പണിമുടക്ക് പ്രഖ്യാപിച്ച് എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ; സേവനങ്ങൾ മുടങ്ങും

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
ന്യൂഡൽഹി: രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നിർദേശങ്ങളുമായി ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF). മെയ് 25,26 തീയതികളാണ് എസ്ബിഐ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് സമയത്തും ബ്രാഞ്ചുകളിൽ അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബാങ്ക് എക്സിലൂടെ അറിയിച്ചു. എങ്കിലും, ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ഡിജിറ്റൽ അല്ലെങ്കിൽ ബദൽ ബാങ്കിംഗ് മാർഗങ്ങളെ ആശ്രയിക്കാൻ ബാങ്ക് നിർദേശിച്ചു.
കൂടാതെ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്ഡ്രോവൽ മെഷീനുകളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ദൈനംദിന ബാങ്കിംഗ് ഇടപാടുകൾക്കായി കസ്റ്റമർ സർവീസ് പോയിന്റുകൾ , ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ , മൊബൈൽ ബാങ്കിംഗ്, യുപിഐ , മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിക്കാനും എസ്ബിഐ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത പണിമുടക്ക് കാരണം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും ബാങ്ക് കൂട്ടിച്ചേർത്തു.
സ്ഥിരംനിയമനങ്ങൾ നടത്തുക, ജോലിസമ്മർദം കുറയ്ക്കുക, പുറംകരാർ അവസാനിപ്പിക്കുക, ജീവനക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ഉത്തരവാദിത്വം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടംകൂടിയാണിതെന്നും പൊതുമേഖലാ ബാങ്കുകളുടെ നിലനിൽപ്പിനും ഗുണമേന്മയുള്ള ബാങ്കിങ് സേവനങ്ങൾക്കും യുവാക്കളുടെ തൊഴിലവസരങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി.
ബ്രാഞ്ച് തലത്തിലുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം. പണിമുടക്കിൽ ജീവനക്കാർ വ്യാപകമായി പങ്കെടുത്താൽ പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, പാസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യാനും അല്ലെങ്കിൽ മറ്റ് നേരിട്ടുള്ള സേവനങ്ങൾക്കുമായി ബ്രാഞ്ചുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, പണിമുടക്ക് സമയത്തും യുപിഐ പേയ്‌മെന്റുകൾ, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. 23 മുതല്‍ ബാങ്ക് സേവനങ്ങള്‍ ലഭ്യമാകില്ല. നാലാംശനിയും ഞായറും കഴിഞ്ഞ് രണ്ട് നാള്‍ സമരവും ബക്രീദ് അവധിയും കഴിഞ്ഞായിരിക്കും ബാങ്ക് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആകുക.









0 comments