print edition "സവർക്കർ ബ്രിട്ടീഷുകാരോട് അഞ്ചുതവണ മാപ്പിരന്നു'; കൊച്ചുമകൻ കോടതിയിൽ

സാത്യകി സവർക്കർ
ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കർ ബ്രിട്ടീഷുകാരോട് അഞ്ചുതവണ മാപ്പ് അപേക്ഷിച്ചിരുന്നുവെന്ന് കൊച്ചുമകനും എഴുത്തുകാരനുമായ സാത്യകി സവർക്കർ കോടതിയിൽ തുറന്നുസമ്മതിച്ചു. ജയിൽമോചിതനായ ശേഷം ബ്രിട്ടീഷ്–ഇന്ത്യൻ പട്ടാളത്തിൽ യുവാക്കളെ ചേർക്കാൻ സവർക്കർ ശ്രമിച്ചിരുന്നു. പശുവിനെ സവർക്കർ ദൈവമായി ആരാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സാത്യകി തന്നെ നൽകിയ കേസിൽ പുണെ കോടതിയിൽ മൊഴി നൽകവെയായിരുന്നു വെളിപ്പെടുത്തൽ.
‘സെല്ലുലാർ ജയിലിൽ കഴിയവേ ബ്രിട്ടീഷുകാർക്ക് അഞ്ചുതവണ മാപ്പപേക്ഷ കൊടുത്തുവെന്നത് സത്യമാണ്. നിരവധി രാഷ്‌ട്രീയ തടവുകാരും ഇത് ചെയ്‌തു. പശു ദൈവമല്ല, മറിച്ച് ഉപയോഗപ്രദമായ മൃഗമാണെന്നായിരുന്നു സവർക്കറുടെ കാഴ്‌ചപ്പാട്. ഇന്ത്യക്കാരായ യുവാക്കൾക്ക് സൈനിക പരിശീലനം ലഭിക്കണമെന്നായിരുന്നു ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായശേഷം ആ സ്വാതന്ത്ര്യം നിലനിർത്താൻ സൈന്യം വേണമായിരുന്നു. സ്വാതന്ത്ര്യലബ്‍ധിക്കുശേഷം പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇന്ത്യക്ക് വിജയം നേടാൻ കഴിഞ്ഞത് ഇതിന്റെ ഫലമാണ്.
ദ്വിരാഷ്‌ട്ര സിദ്ധാന്തം ആദ്യം മുന്നോട്ടുവച്ചത് സർ സയ്യിദ് അഹമ്മദ് ഖാനാണ്. ആർഎസ്‌എസും രാഷ്‌ട്രീയ പാർടികളും പ്രത്യയശാസ്‌ത്ര പ്രചോദനം സവർക്കറിൽ നിന്ന് സ്വീകരിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അദ്ദേഹത്തിന് ഭാരത്‌രത്ന നൽകണമെന്ന് ആവശ്യപ്പെട്ടവരെക്കുറിച്ചും അറിയില്ല’ –സാത്യകി മൊഴിനൽകി. ‘സ്വാതന്ത്ര്യ വീർ’ എന്ന വിശേഷണം സവർക്കറിന് ആരുനൽകിയതാണെന്ന് അറിയില്ലെന്നും സർക്കാർ അംഗീകാരമല്ലെന്നും നേരത്തെ സാത്യകി മൊഴി നൽകിയിരുന്നു. ജൂൺ ഒന്നിന് ക്രോസ് വിസ്‌താരം തുടരും. 2023 മാർച്ചിൽ രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അപകീർത്തിക്കേസ്.










0 comments