print edition സവർക്കറുടെ അനുയായി കമ്യൂണിസ്റ്റുകാരുടെ ധൈര്യമളക്കേണ്ട: ജോൺ ബ്രിട്ടാസ്.


സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:44 AM | 1 min read
ന്യൂഡൽഹി : ജയില്‍മോചനത്തിനായി ബ്രിട്ടീഷുകാരോട് നിരന്തരം മാപ്പിരന്ന വി ഡി സവർക്കറുടെ അനുയായി നിർമല സീതാരാമൻ കമ്യൂണിസ്റ്റുകാരുടെ ധൈര്യമളക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ച് കഴുമരങ്ങളിലേക്ക് ചുവടുവെച്ച പാരന്പര്യമാണ് കമ്യൂണിസ്‌റ്റുകാർക്ക്. താണുകേണ് മാപ്പിരന്ന് ബ്രിട്ടീഷുകാരുടെ ബൂട്ട് നക്കിയ പാരന്പര്യം പേറുന്ന നിർമലാ സീതാരാമൻ കമ്യൂണിസ്‌റ്റുകാരെ ഭീരുക്കളെന്ന് വിളിച്ചത് പരിഹാസ്യമാണ്. പ്രതിപക്ഷത്തെ പേടിച്ച് ഒറ്റദിവസം പോലും സഭയിൽ ഹാജരാകാത്ത മോദിയുടെയും അമിത് ഷായുടെയും അനുയായി കൂടിയാണ് നിർമല സീതാരാമന്‍.
കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ച പ്രശ്‌നങ്ങളിൽ നിന്നെല്ലാം കേന്ദ്രധനമന്ത്രി ഒളിച്ചോടി. ഓർഡിനൻസ് നിയമമാക്കുന്നുവെന്ന വ്യാജേന കൊണ്ടുവന്ന ‘ടാക്‌സേഷൻ ആൻഡ് അദർ ലോ ഭേദഗതി’യിലൂടെ യുപിഎയിൽ സേവനനിരക്ക് ഇൗടാക്കാനുള്ള ബ്ലാങ്ക്‌ചെക്കാണ് ധനമന്ത്രി പാർലമെന്റിൽ നിന്നും വാങ്ങിയത്. ഇപ്പോൾ സേവനനിരക്ക് ഇൗടാക്കാൻ പോകുന്നില്ലെന്നാണ് അവർ ഉന്നയിക്കുന്ന ന്യായം. കച്ചവടക്കാർക്ക് മേൽ ചുമത്തുന്ന ഭാരം ഉപഭോക്താക്കളിലേക്ക് എത്താതിരിക്കുന്ന ചരിത്രമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. യുപിഎ പൂർണമായും സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ വാഗ്‌ദാനത്തിന്റെ ലംഘനമാണ് ഭേദഗതിയെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.









0 comments