'സവർക്കർ വീരാരാധന'; ഈ നീതിനിന്ദയിൽ ശക്തമായി പ്രതികരിക്കണമെന്ന് ജോൺബ്രിട്ടാസ്

brittas
വെബ് ഡെസ്ക്

Published on Aug 15, 2025, 02:10 PM | 1 min read

ന്യൂഡൽഹി: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി ഡി സവർക്കറിനൊപ്പം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം വെച്ച് പോസ്റ്റർ തയ്യാറാക്കിയ പെട്രോളിയം മന്ത്രാലയത്തിനെതിരെ രൂക്ഷ വിർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നതെന്നും ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി ഡി സവർക്കർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളിൽ! കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഈ സവർക്കർ വീരാരാധന. ഇത് യാദൃശ്ചികമല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേർ എതിർവശം സവർക്കറേ പ്രതിഷ്ഠിച്ചവരാണ് ഇവർ. ഗവൺമെന്റിന്റെ നടപടികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നത്. ഗാന്ധിജിയുടെ വധത്തിൽ സവർക്കർ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം കുറ്റവിമുക്തനായെങ്കിലും, പിന്നീട് കപൂർ കമീഷൻ സവർക്കറിനെതിരെ സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശ്രദ്ധേയമാണ്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നവർ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം.



മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും ഒപ്പമാണ് സവർക്കറും പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ പോസ്റ്ററിൽ ഇടംപിടിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചിത്രത്തിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. ഗാന്ധിജിക്ക് മുകളിൽ സവർക്കറുടെ ചിത്രവുമായുള്ള പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. സ്വാതന്ത്ര്യസമരകാലത്ത് ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെടുകയും ജയിലിൽനിന്ന്‌ സ്വതന്ത്രനാകാൻ ബ്രിട്ടീഷ്‌ സർക്കാരിന്‌ ദയാഹർജി നൽകിയ സവർക്കറിനെയാണ് ബിജെപി നേതൃത്വം സ്വാതന്ത്ര്യസമര പോരാളിയാക്കാൻ ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home