print edition സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സംഘപരിവാർ ആക്രമണം

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർ
കൊൽക്കത്ത: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്‌ആർഎഫ്‌ടിഐ) വീണ്ടും സംഘപരിവാർ ആക്രമണം. ഞായറാഴ്‌ച കാമ്പസിലേക്ക് ആക്രോശവുമായെത്തിയ ബംഗിയ ഹിന്ദു ജാഗരൺ മഞ്ചുകാർ പ്രധാന കവാടത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കഴിഞ്ഞയാഴ്‌ചയുണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണ് ഞായറാഴ്‌ചയും അരങ്ങേറിയത്. ഗേറ്റ് തകർക്കാൻ ശ്രമിച്ച സംഘം ക്യാമ്പസിനകത്തേക്ക് കല്ലുകളും കുപ്പികളും എറിഞ്ഞതായി വിദ്യാർഥികൾ പറഞ്ഞു. അതേസമയം, സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്‌ചയും ക്ലാസുകൾ ബഹിഷ്‌കരിച്ചു.
സെപ്‌തംബർ 27ന് ആർഎസ്‌എസ് സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് നേതൃത്വത്തിൽ കാമ്പസ് ഓഡിറ്റോറിയത്തിലെ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതയ്‌ക്കുകയും ചെയ്‌തിരുന്നു. സിനിമയുമായോ ഇൻസ്റ്റിറ്റ്യൂട്ടുമായോ ബന്ധമില്ലാത്ത പരിപാടി സംഘടിപ്പിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനെ ചോദ്യംചെയ്തതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.
കാമ്പസിനുള്ളിൽ തുടർച്ചയായി ആർഎസ്എസ് അജൻഡയിലുള്ള പരിപാടികൾക്ക് അനുമതി നൽകിയതിനെതിരെ വിദ്യാർഥികൾ പോസ്റ്ററുകൾ പതിച്ചിരുന്നു.
കാമ്പസിൽ ആക്രമണം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് 28 മുതൽ വിദ്യാർഥികൾ സമരത്തിലാണ്. സുരക്ഷ ഉറപ്പാക്കുംവരെ സമരം തുടരുമെന്ന് എസ്‌ആർഎഫ്‌ടിഐ വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി നചികേത് പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകരെ സുരക്ഷാ ജീവനക്കാർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കടത്തിവിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.









0 comments