print edition ശാന്തിശ്രീ ; സംഘപരിവാരത്തിന്റെ ജാതിവെറിയുടെ വിഷനാവ്

ന്യൂഡൽഹി
ജെഎൻയു വിസി ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ ദളിത് വിരുദ്ധ പ്രസ്‌താവന ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നിലനിൽക്കുന്ന ജാതിവെറിയുടെ തുടർച്ച. മഹാത്മാഗാന്ധിയെ വധിച്ചതിനെ പ്രകീർത്തിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വ നിലപാടെടുത്ത ശാന്തിശ്രീയെ സർവകലാശാല വിസിയായി നിയമിക്കുന്പോൾ വിദ്യാർഥികളിൽനിന്ന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഇൗ പ്രതിഷേധങ്ങളെയെല്ലാം മറികടന്ന് മോദി സർക്കാർ ശാന്തിശ്രീയെ നിയമിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇൗ തീരുമാനവും.
ബിജെപി ഭരണത്തിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം വർധിച്ചുവെന്ന് യുജിസി കണക്കുകൾതന്നെ വ്യക്തമാക്കുന്നു. 2019–2024 കാലത്ത് മാത്രം ജാതിവിവേചനത്തെ സംബന്ധിച്ച പരാതികളിൽ 118.4 ശതമാനത്തിന്റെ വർധനയുണ്ടായി. 2019–20ൽ 173 പരാതികളായിരുന്നത് 2023–24ൽ 378 ആയി വർധിച്ചു. ഇതിൽ അവസാന വർഷം റിപ്പോർട്ടുചെയ്‌ത പരാതികളിൽ 108 എണ്ണത്തിന് പരിഹാരം കണ്ടതുമില്ല. 2019 മുതൽ 2024 വരെ മാത്രം ആകെ 1,160 പരാതികൾ ലഭിച്ചു. ക്രൂരമായ ജാതിവിവേചനംമൂലം ജീവനൊടുക്കിയ ഹൈദരാബാദ് സർവകാലാശയിലെ രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു.
എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി രോഹിത് വെമുല ആക്‌ട് നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇൗ ആവശ്യങ്ങളൊന്നും അംഗീകരിക്കാനും സർക്കാർ തയ്യാറായില്ല. സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന്, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയാൻ യുജിസി അടുത്തിടെ ചട്ടങ്ങൾ പുറത്തിറക്കി.
എന്നാൽ ചട്ടങ്ങൾ പിൻവലിക്കുന്നതിനായി എബിവിപി ഉൾപ്പെടെയുള്ള ആർഎസ്‌എസ് സംഘടനകളും ബിജെപി നേതാക്കളുമുൾപ്പെടെ മുറവിളികൂട്ടി. തുടർന്ന് സുപ്രീംകോടതി ചട്ടങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തി.
വിസി രാജിവയ്‌ക്കണം: എസ്‌എഫ്‌ഐ
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് തുല്യത ഉറപ്പാക്കാനുള്ള പോരാട്ടം കാന്പസുകളിൽ തുടരവെ ജെഎൻയു വിസി നടത്തിയ ദളിത് വിരുദ്ധ പരാമർശം അംഗീകരിക്കാനാകില്ലെന്ന് എസ്‌എഫ്‌ഐ. ജാതിവിവേചനം ഇല്ലാതാക്കുന്നതിനുള്ള യുജിസി ചട്ടങ്ങളെ സർക്കാർ സർവകലാശാലയുടെ തലപ്പത്തുള്ളവർ ചോദ്യം ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങളെയും സർവകലാശാലയിലെ ജനാധിപത്യ സ്വഭാവത്തെയും ദുർബലപ്പെടുത്തുന്നതാണ്. പരാമർശത്തിൽ മാപ്പു പറയാനും സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാനും അവർ തയ്യാറാകണം. അല്ലാത്തപക്ഷം, അവരെ രാഷ്‌ട്രപതി പുറത്താക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.
സസ്‌പെൻഡ് ചെയ്‌ത ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കണമെന്നും അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ജെഎൻയുവിൽ ഇന്ന് ‘സമത്വ മാർച്ച്’
ജെഎൻയുവിൽ ഞായറാഴ്‌ച രാത്രി ‘സമത്വ മാർച്ച്’ സംഘടിപ്പാക്കാനൊരുങ്ങി വിദ്യാർഥികൾ. സസ്‌പെൻഡ് ചെയ്ത വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കണം, ദളിത് വിരുദ്ധ പ്രസ്‌താവനകൾ നടത്തിയ വൈസ് ചാൻസലർ രാജിവെയ്‌ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ജാതിവിവേചനം ഇല്ലാതാക്കുന്നതിനായുള്ള യുജിസി ചട്ടങ്ങൾ നടപ്പിൽവരുത്തുക എന്ന ആവശ്യവും പ്രതിഷേധത്തിലുയരും. ഭാരവാഹികളെ പുറത്താക്കിയതിനെത്തുടർന്ന് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ കാന്പസിൽ പന്തൽ കെട്ടി സമരത്തിലാണ്. ആറ് ദിവസമായി തുടരുന്ന സമരത്തിന് അധ്യാപകരുടെയും പിന്തുണയുണ്ട്.










0 comments