‘ഗംഗ അനുഗ്രഹിക്കാനായി കാൽച്ചുവട്ടിലെത്തി’ ; കേന്ദ്രമന്ത്രിയുടെ പ്രതികരണം വിവാദത്തിൽ

ലഖ്‌നൗ
‘ഗംഗാനദി അനുഗ്രഹിക്കാനായി നിങ്ങളുടെ കാൽച്ചുവട്ടിലെത്തിയിരിക്കുന്നു, ഇത് നിങ്ങളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകും’– ഉത്തർപ്രദേശിൽ വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശം സന്ദർശിച്ച കേന്ദ്ര ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദിന്റെ പ്രതികരണം വിവാദമായി. കാൺപുർ ദേഹാത്തിൽ വീടുകളിലടക്കം വെള്ളകയറിയ മേഖലയിൽവച്ചാണ് മന്ത്രിയുടെ പ്രസ്‌താവന.
സംഭവത്തിൽ സമാജ്‌വാദി പാർടി അടക്കം പ്രതിപക്ഷ കക്ഷികൾ വിമർശം ഉന്നയിച്ചിട്ടും മന്ത്രി പ്രസ്‌താവന ആവർത്തിച്ചു. വിദൂര നാടുകളിൽനിന്നുപോലും ഗംഗയിൽ മുങ്ങി അനുഗ്രഹം തേടാൻ ആളുകൾ എത്തുമ്പോൾ, ഗംഗ നേരിട്ട് നിങ്ങളുടെ കാൽചുവട്ടിൽ എത്തിയെന്നാണ് താൻ ഉദ്ദേശിച്ചതെന്നു മന്ത്രി പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ നിഷാദ് പാർടിയുടെ അധ്യക്ഷൻകൂടിയാണ് സഞ്ജയ് നിഷാദ്. വീട്ടിലേക്ക് ഒഴുകിയെത്തിയ ഗംഗാ ജലത്തിൽ പൊലീസുകാരൻ പാലൊഴിച്ച് പൂജ നടത്തിയ സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻസ്‌പെക്‌ടറായ ചന്ദ്രദീപ് നിഷാദ് ഇത്തരത്തിൽ പൂജനടത്തുന്ന ദൃശ്യം വൻ തോതിൽ പ്രചരിച്ചിരുന്നു. കാൺപുർ, പ്രയാഗ്‌രാജ്, വാരാണസി തുടങ്ങി വിവിധ മേഖലകളിൽ ഗംഗ, യമുന നദികൾ കരകവിഞ്ഞിരുന്നു.








0 comments