print edition ജാതിവിവേചനത്തിനെതിരെയുള്ള യുജിസി ചട്ടം ; പ്രതിഷേധം തുടർന്ന് സംഘപരിവാർ

ന്യൂഡൽഹി
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി വിജ്ഞാപനം ചെയ്‌ത ചട്ടങ്ങൾക്കെതിരെയുള്ള എതിർപ്പ് തുടർന്ന് ബിജെപി. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാറിലെ സവർണ വിഭാഗം പ്രതിഷേധം കടുപ്പിക്കുകയാണ്. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയും ചട്ടങ്ങളിൽ എതിർപ്പറിയിച്ചു. പുതിയ ചട്ടങ്ങളിൽ വ്യക്തത വരുത്തണമെന്നും സന്തുതിലാവസ്ഥ നിലനിർത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു. യുജിസി വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ രാജിവയ്‌ക്കുന്നത് ബുധനാഴ്‌ചയും തുടർന്നു. നിരവധിയാളുകൾ ചട്ടങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഫെബ്രുവരി ഒന്നിന് ‘ഭാരത് ബന്ദ്’ ആഹ്വാനം ചെയ്‌തു.
പുതിയ ചട്ടങ്ങൾക്കെതിരെയുള്ള പ്രതിഷേധം സംഘപരിവാറിന്റെ സംവരണവിരുദ്ധ മുഖം തുറന്നുകാട്ടുന്നതാണ്. കേന്ദ്ര സർക്കാർ പ്രതിഷേധക്കാർക്ക് വഴങ്ങുന്ന സ്ഥിതിയാണ്. ഉത്തർപ്രദേശിലാണ് ചട്ടങ്ങൾക്കെതിരെ ഏറ്റവും വലിയ പ്രതിഷേധമുയർന്നത്. പലയിടത്തും സംഘപരിവാർ അനുകൂലികൾ വ്യാപകമായി പ്രതിഷേധിച്ചു. ഡൽഹിയിലും പ്രതിഷേധങ്ങളുണ്ടായി.
ജാതി അധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത രോഹിത് വെമുല, പായൽ തദ്‌വി എന്നീ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ 2026’ എന്ന പേരിൽ യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം കൂടി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. പ്രശ്‌നങ്ങൾ കൂടുതലുള്ള ഐഐടി, എയിംസ്, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി നിർദേശം ബാധകമല്ലെന്ന വസ്‌തുതയും നിലനിൽക്കുന്നുണ്ട്.











0 comments