print edition ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധം

ന്യൂഡൽഹി
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടതിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായി. ഡല്‍ഹിയില്‍ ബംഗ്ലാദേശ് ഹൈകമീഷന് മുന്നിലേക്ക് ചൊവ്വാഴ്‌ച നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം വിളിച്ചെത്തി സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ബാരിക്കേഡുകൾ മറിച്ചിട്ടു. ഹൈക്കമീഷന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം സുരക്ഷാസേന തടഞ്ഞു.
തീവ്രഹിന്ദുത്വ സംഘടനകള്‍ കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷനിലേക്കും പ്രകടനം നടത്തി. മധ്യപ്രദേശിലെ ഭോപ്പാലിലും ജമ്മുകശ്‍മീരിലെ രജൗരിയിലും ബംഗ്ലാദേശ് വിരുദ്ധ പ്രകടനം നടന്നു. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശ മന്ത്രാലയം ഇന്ത്യൻ ഹൈകമീഷണർ പ്രണയ് വർമ്മയെ വിളിച്ചുവരുത്തി വിയോജിപ്പ് അറിയിച്ചു. പത്തുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ഹൈക്കമീഷണറെ ബംഗ്ലാദേശ് പ്രതിഷേധം അറിയിക്കുന്നത്. നയതന്ത്ര കാര്യാലയങ്ങൾക്ക് ഇന്ത്യ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം. ബംഗ്ലാദേശ് ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാ നയതന്ത്ര കാര്യാലയങ്ങൾക്കും മതിയായ സുരക്ഷ ഇന്ത്യ ഒരുക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺദീർ ജെയ്‌സ്വാൾ പ്രതികരിച്ചു.
ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിലേക്കും സമീപദിവസങ്ങളിൽ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമീഷണറെ വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.നയതന്ത്രബന്ധം വഷളായതോടെ ഇരുരാജ്യങ്ങളും വിസാസേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.










0 comments